• നവംബർ ഒന്നിന് ശേഷം ഫിറ്റ്നസ് എടുക്കുന്ന വാഹനങ്ങള്‍ക്ക് മതി
  • തീരുമാനം മാറ്റിയത് KSRTCക്ക് നിബന്ധന പാലിക്കാന്‍ സാധിക്കാത്തത് മൂലം

ബസുകളിലും ഹെവിവാഹനങ്ങളും സീറ്റ് ബെൽറ്റും ക്യാമറയും നാളെ മുതല്‍ നിര്‍ബന്ധമാക്കിയതില്‍ നിന്ന് ഗതാഗതവകുപ്പ് പിന്നോട്ട്. നവംബർ ഒന്നിന് ശേഷം ഫിറ്റ്നസിന് ഹാജരാക്കുന്ന വാഹനങ്ങൾക്കാണ് നിബന്ധനയെന്ന് ഗതാഗതവകുപ്പ് പുതിയ ഉത്തരവിറക്കി. അതേസമയം, കെഎസ്ആർടിസിയിൽ സീറ്റ് ബെൽറ്റും ക്യാമറയും ഉറപ്പാക്കാൻ കഴിയാത്തതാണ് പിന്നോട്ടുപോക്കിന് കാരണമെന്നാണ് വിലയിരുത്തൽ. 

കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ഉൾപ്പെടെ എല്ലാ ഹെവി വാഹനങ്ങളുടെയും ഡ്രൈവർക്കും മുൻ സീറ്റിൽ യാത്ര ചെയ്യുന്നവർക്കും നവംബർ ഒന്ന് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാണെന്നായിരുന്നു ആദ്യ ഉത്തരവ്. ഇതിലാണ് നേരിയ മാറ്റം വരുത്തി നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ളത്. നാളെ മുതൽ എല്ലാ വാഹനങ്ങളിലും നിർബന്ധമാണെന്നതിന് പകരം ഉത്തരവ് നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് ഇപ്പോൾ പറയുന്നത്. അതായത് നാളെ മുതൽ ഫിറ്റ്നസിന് ഹാജരാകുന്ന ഹെവി വാഹനങ്ങൾ സീറ്റ് ബെൽറ്റും ക്യാമറും ഉറപ്പാക്കണം. എങ്കിലേ ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് ലഭ്യമാക്കു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്ന കെഎസ്ആർടിസി മാനേജ്മെന്റ് ഇതിനുള്ള തുക ഉടൻ കണ്ടെത്താനാവില്ലെന്ന് ഗതാഗത വകുപ്പിനെ അറിയിച്ചതായും സൂചനയുണ്ട്. ചുരുക്കത്തിൽ എല്ലാ ഹെവിവാഹനങ്ങളിലും ക്യാമറയും സീറ്റ് ബെൽറ്റും ഉറപ്പാക്കാൻ മാസങ്ങൾ എടുക്കും. ഡീസൽ ഓട്ടോറിക്ഷകൾ ഹരിത ഇന്ധനങ്ങളിലേക്ക് മാറാനുള്ള കാലപരിധി 22 വർഷമായി ദീർഘിപ്പിക്കാനും ഗതാഗതവകുപ്പ് ഉത്തരവിട്ടു.  

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.