കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് ഏര്‍പ്പെടുത്തിയ പ്രഥമ പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം കഥാകൃത്ത് ടി.പത്മനാഭന്. സമഗ്ര സാഹിത്യസംഭാവനകള്‍ക്കാണ് പുരസ്കാരം. അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരജേതാവിനെ നിശ്ചയിച്ചത്. ഒരു ലക്ഷം രൂപയും ആര്‍ട്ടിസ്റ്റ് ബി.ഡി. ദത്തന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പവും പ്രശംസാ പത്രവും അടങ്ങുന്ന പുരസ്‌കാരം ഡിസംബറില്‍ സമ്മാനിക്കും. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ പേരിലാണ് പുരസ്കാരം നല്‍കുന്നത്.

 

നവതി പിന്നിട്ട  പത്മനാഭന്റെ സമഗ്രമായ സാഹിത്യ സംഭാവനകളും ശ്രദ്ധേയ ഇടപെടലുകളും അവാര്‍ഡ് നിര്‍ണയത്തില്‍ ഘടകമായെന്ന് ജൂറി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു. സാഹിത്യത്തിലും സാംസ്‌കാരിക തലത്തിലും വേറിട്ട രീതികള്‍ക്ക് തുടക്കം കുറിച്ച പത്മനാഭന്‍ ഒരു കാലഘട്ടത്തിന്റെ വക്താവാണ്. സാഹിത്യരംഗത്ത്, പ്രത്യേകിച്ച് കഥാ സാഹിത്യത്തില്‍ ചെലുത്തിയ സ്വാധീനം, പുതിയ ആഖ്യാന ശൈലി, ജനപക്ഷ നിലപാടുകള്‍, ശക്തമായ പ്രതികരണങ്ങള്‍ തുടങ്ങിയവ പത്മനാഭന്റെ സവിശേഷതകളാണെന്നും അടൂര്‍ പറഞ്ഞു. 

 

Renowned writer T Padmanabhan bags Priyadarshini Award. The literary prize includes 1 lakh rupees and citation.