മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിലും കോണ്‍ഗ്രസിലും പൊട്ടിത്തെറി. ജബല്‍പുരില്‍ പാര്‍ട്ടി ഒാഫീസില്‍ കേന്ദ്രമന്ത്രി ഭുപേന്ദ്ര യാദവിനെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച് പ്രതിഷേധിച്ചു. സംസ്ഥാന മന്ത്രിയായിരുന്ന ശരദ് ജെയിനിന്‍റെ അനുയായികളാണ് പ്രതിഷേധിച്ചത്. മന്ത്രിയുടെ ഗണ്‍മാനുമായി കൈയ്യാങ്കളിയുമുണ്ടായി. നര്‍മദാപുരം, ചൗരായ്, നഗൗഡ് എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബിജെപിയില്‍ എതിര്‍പ്പ് ശക്തമാണ്. പ്രാദേശിക സാഹചര്യവും മാറ്റത്തിനായുള്ള വോട്ടര്‍മാരുടെ താല്‍പര്യവും കണക്കിലെടുത്ത് ആകാശ് വിജയ്‍വര്‍ഗിയ അടക്കമുള്ള എംഎല്‍എമാര്‍ക്ക് ഇത്തവണ ടിക്കറ്റ് നല്‍കിയിട്ടില്ല. നവംബര്‍ 17ന് വിധിയെഴുതുന്ന മധ്യപ്രദേശിലെ 230ല്‍ 228 സീറ്റുകളിലേയ്ക്ക് ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു.

ബിജെപിക്ക് പുറമെ കോണ്‍ഗ്രസിലും പൊട്ടിത്തെറിയുണ്ടായിട്ടുണ്ട്. ബുര്‍ഹന്‍പുരും ശുജല്‍പുരും അടക്കം ആറ് സീറ്റുകളില്‍ കോണ്‍ഗ്രസ് പാളയത്തില്‍ പട നേരിടുകയാണ്. മുന്‍മുഖ്യമന്ത്രി ദിഗ്‍വിജയ് സിങ്ങിന്‍റെയും മകന്‍ ജയ്‍വര്‍ധന്‍ സിങ്ങിന്‍റെയും കോലം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചു. അതേസമയം ദീപ്തി സിങ്ങിന് സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് ഭോപ്പാലില്‍ പിസിസി ഓഫിസിനുമുന്നില്‍ സ്ത്രീകള്‍ പ്രതിഷേധിച്ചു.

ഒബിസി വിഭാഗത്തിന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ ദാമോദര്‍ സിങ് യാദവ് രാജിവച്ചു. ഒബിസി രാഷ്ട്രീയം ഉന്നയിച്ച് ജാതി സെന്‍സസിനായി വാദിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുന്നതാണ് രാജി. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയവരെ തഴഞ്ഞുവെന്നും ആരോപണമുണ്ട്. കമല്‍നാഥിന്‍റെ വസതിക്ക് മുന്നില്‍ കരിങ്കൊടി വീശി. മധ്യപ്രദേശില്‍ സഖ്യമില്ലാതെ മല്‍സരിക്കുന്ന കോണ്‍ഗ്രസും സമാജ്‍വാദി പാര്‍ട്ടിയും തമ്മിലെ ഭിന്നതകള്‍ നീക്കാന്‍ നേതാക്കള്‍ ശ്രമം തുടങ്ങി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Union minister Bhupender Yadav mobbed by BJP workers over ticket distribution

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ