krishnankuttyaaliyarp-22
  • കേരളത്തിന് അനുവദിക്കേണ്ടത് 7.25 ടിഎംസി വെള്ളം
  • ലഭിച്ചത് 2.31 ടിഎംസി വെള്ളം മാത്രം
  • ഡാമില്‍ വേണ്ടത്ര വെള്ളമില്ലെന്ന് തമിഴ്നാട്

പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ട ജലം കിട്ടുന്നതിനായി കോടതിയെ സമീപിക്കേണ്ട സാഹചര്യമാണുള്ളതെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. കേരളത്തിലെ ഉദ്യോഗസ്ഥര്‍ കൃത്യമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്നും മന്ത്രി വിമര്‍ശനം ഉന്നയിച്ചു. തുടര്‍ നടപടികള്‍ മുഖ്യമന്ത്രിയും ജലവിഭവമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു.

 

ജൂലൈ ഒന്നിന് ആരംഭിച്ച് അടുത്തവര്‍ഷം ജൂണ്‍ മുപ്പതിന് അവസാനിക്കുന്ന ജലവര്‍ഷത്തില്‍ 7.25 ടിഎംസി വെള്ളമാണ് കേരളത്തിന് അനുവദിക്കേണ്ടത്. ഇത്തവണ ലഭിച്ചത് 2.31 ടിഎംസി മാത്രം. കരാര്‍ പ്രകാരം നിര്‍ബന്ധമായും ലഭിക്കേണ്ട വെള്ളത്തിന്റെ പകുതി പോലും കിട്ടിയില്ല. ജലലഭ്യത കുറഞ്ഞതിനാല്‍ ഹെക്ടര്‍ കണക്കിന് കൃഷിയിടം തരിശിടേണ്ടി വന്നു. ചിറ്റൂര്‍‌പ്പുഴയിലെയും ഭാരതപ്പുഴയിലെയും ശുദ്ധജലവിതരണവും മുടങ്ങുമെന്ന അവസ്ഥയെത്തി. അര്‍ഹമായ ജലവിഹിതം അനുവദിക്കാത്തതിന് തമിഴ്നാടിന് ഒരേ ഒരു കാരണം മാത്രം ഡാമില്‍ വേണ്ടത്ര വെള്ളമില്ല. കഴിഞ്ഞദിവസം പാലക്കാട് നടന്ന ഉദ്യോഗസ്ഥതല യോഗത്തിലും തമിഴ്നാട് നിലപാട് ആവര്‍ത്തിച്ചു. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ലെന്നും മന്ത്രി വ്യക്തമാക്കുന്നു.  

 

രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം. ബുധനാഴ്ച തിരുവനന്തപുരത്താണ് മുഖ്യമന്ത്രിയും മന്ത്രിമാരുമായുള്ള യോഗം നിശ്ചയിച്ചിട്ടുള്ളത്. അര്‍ഹമായ ജലവിഹിതം ഉറപ്പാക്കാനായില്ലെങ്കില്‍ ഭാവിയില്‍ കാര്‍ഷിക മേഖലയില്‍ കടുത്ത പ്രതിസന്ധിയുണ്ടാവുമെന്നാണ് ആശങ്ക. 

 

 

 

Minister K Krishnankutty on Parambikkulam-Aliyar pact

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ