activist-waves-a-rainbow-fl
  • നിയമസാധുത നല്‍കണമെന്ന ഹര്‍ജികള്‍ തള്ളി
  • നിയമപിന്തുണയില്ലെന്ന് ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ്.നരസിംഹ എന്നിവര്‍
  • പാര്‍ലമെന്റാണ് തീരുമാനിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസും ജസ്റ്റിസ് സഞ്ജയ് കൗളും

സ്വവര്‍ഗവിവാഹത്തിന് നിയമസാധുത നല്‍കാതെ സുപ്രീം കോടതി. സ്പെഷല്‍ മാര്യേജ് ആക്ട് നിയമവിരുദ്ധമല്ലെന്ന് ഭൂരിപക്ഷ വിധി. ഭൂരിപക്ഷം അംഗങ്ങളും ആക്ട് റദ്ദാക്കുന്നതിനോ മാറ്റംവരുത്തുന്നതിനോ എതിരാണ്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് സഞ്ജയ് കൗൾ എന്നിവർ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ അനുകൂലിച്ചു. ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവർ എതിർത്തതോടെയാണ് ഹർജികൾ തള്ളിയത്. ഇതിൽ ജസ്റ്റിസ് ഹിമ കോലി ഒഴികെയുള്ളവർ പ്രത്യേക വിധി പ്രസ്താവം നടത്തി. സ്പെഷൽ മാരേജ് ആക്ട്, വിദേശ വിവാഹ നിയമം തുടങ്ങിയവയിലെ നിയമസാധുതകൾ പരിശോധിച്ച ശേഷമാണ് വിധിപ്രസ്താവം.

ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്

സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹർജിയിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നാലു വിധികളാണ് പുറപ്പെടുവിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ആമുഖമായി വ്യക്തമാക്കിയിരുന്നു. കോടതിക്ക് നിയമമുണ്ടാക്കാനാവില്ല, വിധി വ്യാഖ്യാനിക്കാനേ കഴിയൂവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്വവര്‍ഗാനുരാഗം വരേണ്യവര്‍ഗത്തിന്‍റെ മാത്രം വിഷയമല്ല. സ്വവര്‍ഗബന്ധം വിഡ്ഢിത്തമോ നഗരസങ്കല്‍പ്പമോ അല്ലെന്ന് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടികാട്ടി. 

സ്പെഷല്‍ മാര്യേജ് ആക്ടിലെ സെക്ഷന്‍ നാല് ഭരണഘടനാവിരുദ്ധമാണ്. ആക്ടില്‍ മാറ്റംവരുത്തണോയെന്ന് പാര്‍ലമെന്റാണ് തീരുമാനിക്കേണ്ടത്. നിയമനിര്‍മാണത്തിലേക്ക് പ്രവേശിക്കാതിരിക്കാന്‍ കോടതി ശ്രദ്ധിക്കണം. ബന്ധങ്ങള്‍ രണ്ടുവ്യക്തികളുടെ തീരുമാനമാണ്. ഇത്തരം കൂട്ടുകെട്ടുകള്‍ അംഗീകരിക്കാത്തത് സ്വവര്‍ഗ ദമ്പതികളോട് വിവേചനമാകും. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നത് ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശമുണ്ട്. ദത്തെടുക്കല്‍ ചട്ടങ്ങള്‍ ഇവരോടുള്ള വിവേചനമാണ്. വ്യത്യസ്തരായ ആളുകള്‍ക്കായി ഹോട്ട്‍ ലൈന്‍ രൂപീകരിക്കണം. സ്വവര്‍ഗ ദമ്പതികള്‍ക്ക് സുരക്ഷിതമായ വീടുകള്‍ ഉണ്ടാവണം. ശസ്ത്രക്രിയയ്ക്കോ ഹോര്‍മോണ്‍ തെറപ്പിക്കോ നിര്‍ബന്ധിക്കരുത്.  പൊലീസ് വിളിച്ചുവരുത്തി ഏതുലിംഗമെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെടരുതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിധിയില്‍ പറഞ്ഞു. 

യോജിച്ച് ജസ്റ്റിസ് കൗള്‍ 

ചീഫ് ജസ്റ്റിസിന്റെ വിധിയോട് യോജിച്ച് ജസ്റ്റിസ് സഞ്ജയ് കൗള്‍. സ്വവര്‍ഗ ദമ്പതികള്‍ ഉള്‍പ്പെടെ അവിവാഹിതരായ ദമ്പതികള്‍ക്ക് ദത്തെടുക്കാം. സ്പെഷല്‍ മാര്യേജ് ആക്ട് റദ്ദാക്കാനോ മാറ്റംവരുത്താനോ കോടതിക്കാവില്ല. പുരാതനകാലംമുതല്‍ സ്വവര്‍ഗ ബന്ധങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സ്വവര്‍ഗാനുരാഗികളും ഭിന്നലിംഗക്കാരും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളെന്നും അദ്ദേഹം വിധിയില്‍ പറഞ്ഞു.

വിയോജിച്ച് ജസ്റ്റിസ് ഭട്ട് 

ചീഫ് ജസ്റ്റിസിന്റെ വിധിയോട് യോജിക്കുന്നില്ലെന്ന് ജസ്റ്റിസ് രവീന്ദ്രഭട്ട്. ട്രാന്‍സ്ജെ‍ന്‍ഡറുകള്‍ക്ക് നിലവിലെ നിയമപ്രകാരം വിവാഹം കഴിക്കാന്‍ അവകാശമുണ്ട്. വിവാഹം ആചാരങ്ങളെ അടിസ്ഥാനമാക്കിയാണ്. വിവിധ വ്യക്തിനിയമങ്ങളുണ്ട്. വിവാഹം ഒരു സാമൂഹിക കാര്യമാണ്, കോടതിക്ക് ഇടപെടാനാവില്ല. സ്വവര്‍ഗ ദമ്പതികള്‍ക്കായി വിവാഹം നിയമപരമാക്കാന്‍ കഴിയില്ല. അക്കാര്യങ്ങള്‍ പരിശോധിക്കേണ്ടത് നിയമനിര്‍മാണ സഭയാണ്. സ്വവര്‍ഗ ബന്ധങ്ങള്‍ക്ക് തടസ്സമില്ല. സ്വവര്‍ഗ ദമ്പതികള്‍ക്ക് ദത്തെടുക്കാനാവില്ലെന്നും ജസ്റ്റിസ് ഭട്ട്. ഇവരുടെ അവകാശം പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമിതി രൂപീകരിക്കണമെന്നും ജസ്റ്റിസ് ഭട്ട്  വിധിയില്‍ പറഞ്ഞു. ജസ്റ്റിസ് ഭട്ടിനോട് ജസ്റ്റിസുമാരായ ഹിമ കോലിയും നരസിംഹയും യോജിച്ചു.

ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാൻ ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് അവകാശം നൽകുന്നുണ്ട്. എന്നാൽ ലിംഗപരമായ വിവേചനം ഇതിലുണ്ടാകരുതെന്നാണ് ഹർജിക്കാരുടെ വാദം. സ്വവർഗ വിവാഹത്തിനു നിയമസാധുത ഇല്ലാത്തതിനാൽ ഈ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കൽ, പിൻതുടർച്ചാവകാശം, ജോയിന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങൽ, ഇൻഷുറൻസ് പോളിസി എടുക്കൽ എന്നിങ്ങനെ പലകാര്യങ്ങളിലും തടസ്സം നേരിടുന്നതായും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

Same-sex marriage has no legal backing