
കോഴിക്കോട് വീണ്ടും ഓൺലൈൻ തട്ടിപ്പ്. മലപ്പുറം സ്വദേശിയായ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനിൽ നിന്ന് മൂന്നു കോടിയോളം രൂപയാണ് ക്രിപ്റ്റോ കറൻസിയുടെ പേരിൽ തട്ടിയെടുത്തത്. പരാതിയിൽ സൈബർ പോലീസ് അന്വേഷണം തുടങ്ങി.
സമൂഹമാധ്യമം വഴിയാണ് തട്ടിപ്പ് സംഘം സമീപിക്കുന്നത്. ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപിച്ചാൽ പണം ഇരട്ടിയാകും എന്നാണ് വാഗ്ദാനം. ഇത് വിശ്വസിച്ച് 30 തവണ ആയിട രണ്ടുകോടി 88 ലക്ഷം രൂപ നൽകി. ഇതിനായി തട്ടിപ്പ് സംഘം ഒരു വെബ്സൈറ്റ് രൂപീകരിച്ചിരുന്നു. ഇതിൽ കയറാനായി യൂസർ നെയിമും പാസ്സ്‌വേർഡും നൽകി. ഈ വെബ്സൈറ്റിൽ കയറിയാൽ നിക്ഷേപിച്ച തുകയും അധികമായി കിട്ടുന്ന ലാഭവും കാണാം. തട്ടിപ്പിനായി ഉണ്ടാക്കിയ വെബ്സൈറ്റ് ആണ് ഇത് എന്നറിയാതെ 40കാരനായ ബിസിനസുകാരൻ കൂടുതൽ പണം നിക്ഷേപിക്കുകയായിരുന്നു.
രണ്ടുകോടി 88 ലക്ഷം നിക്ഷേപിച്ചപ്പോൾ വെബ്സൈറ്റിൽ അത് അഞ്ചരക്കോടിയിലധികം രൂപയായി എന്ന് കണ്ടു. ഇതോടെ പണം പിൻവലിക്കാൻ തീരുമാനിച്ചു. എന്നാൽ പണം പിൻവലിക്കണമെങ്കിൽ 20 ശതമാനം നികുതി കൂടി നൽകണമെന്ന അടുത്ത സന്ദേശം എത്തിയതോടെയാണ് റിയൽ എസ്റ്റേറ്റ് ഇടപാടുകാരന് ആദ്യമായി സംശയം തോന്നിയത്. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. സിറ്റി പൊലീസ് കമ്മീഷണർ രാജ് പാൽ മീണയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സൈബർ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങിയെങ്കിലും തട്ടിപ്പ് സംഘത്തെ കുറിച്ച് കാര്യമായ തുമ്പൊന്നും ലഭിച്ചിട്ടില്ല.
Online fraud again; three crore rupees were extorted from the merchant
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ