തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് സിപിഎം ഉണ്ടായതുകൊണ്ടാണെന്ന സംസ്ഥാനസമിതിയംഗം കെ.അനില്‍കുമാറിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് കെ.ടി.ജലീല്‍ എംഎല്‍എ. കേരളത്തിലെ 26 ശതമാനം വരുന്ന മുസ്‍ലിം സമൂഹത്തെക്കുറിച്ച് അത്യാവശ്യം അറിവുപോലും വലിയൊരുശതമാനം പൊതുപ്രവര്‍ത്തകര്‍ക്കില്ല. ശരിയായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ഒരു ജനവിഭാഗത്തിന്റെ വൈകാരികപ്രശ്നങ്ങളില്‍ രാഷ്ട്രീയനേതാക്കളും പൊതുപ്രവർത്തകരും പ്രതികരിക്കരുത്. അഭിപ്രായം പറയാം. എന്നാല്‍ സ്വന്തം നിരീക്ഷണങ്ങൾ പാർട്ടിയുടേതാണെന്ന് വ്യംഗ്യമായിപ്പോലും സൂചിപ്പിക്കുന്ന നില വരരുത്. അല്ലെങ്കിൽ വർഗ്ഗീയ മനോഭാവമുള്ളവരും രാഷ്ടീയവൈരികളും അത് ദുരുപയോഗം ചെയ്യുമെന്നും ജലീല്‍ മുന്നറിയിപ്പ് നല്‍കി.
തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമേയല്ലെന്ന് ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിൽ ഒരു മുസ്ലിം പെൺകുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല. പർദയിട്ട മുസ്ലിം സഹോദരിയെ വർഷങ്ങളായി തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിലറാക്കിയ പാർട്ടിയാണ് സി.പി.എം’. സ്വതന്ത്രചിന്ത എന്നാൽ തട്ടമിടാതിരിക്കലാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചതിനെ പഴിചാരി കമ്മ്യൂണിസ്റ്റ് പാർട്ടിയെ പ്രതിക്കൂട്ടിലാക്കാൻ ആരും ശ്രമിക്കേണ്ടെന്നും ജലീല്‍ പറഞ്ഞു.
പുരോഗമനചിന്താഗതിയുള്ള തന്റെ മകള്‍ തട്ടമിട്ടുതന്നെയാണ് പൊതുവേദികളില്‍ എത്താറുള്ളതെന്നും ജലീല്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ‘എന്റെ മകൾ സുമയ്യ ബീഗം എം.ബി.ബി.എസ് പൂർത്തിയാക്കി ഡോക്ടറായി. ആന്‍ഡമാനിലെ പോർട്ട്ബ്ലയറിലുള്ള കേന്ദ്രസർക്കാർ മെഡിക്കൽ കോളേജിലാണ് അവൾ പഠിച്ചത്. നല്ല മാർക്കോടെ വിജയിച്ചു. ഞാനും ഭാര്യയും സുമയ്യയെ കൂട്ടാനും, 2017 ബാച്ചിന്റെ "ഫെയർവെൽ സെറിമണി"യിൽ പങ്കെടുക്കാനുമാണ് പോർട്ട്ബ്ലയറിൽ എത്തിയത്. ചടങ്ങിൽ സ്വാഗതം പറഞ്ഞത് സുമയ്യയാണ്. തട്ടമിട്ട അവൾ പുരോഗമന ചിന്തയിൽ ഒട്ടും പിന്നിലല്ല’. വിദ്യാഭ്യാസമുള്ള തട്ടമിട്ട തലമുറയാണ് മലപ്പുറത്തെ പുരോഗമന പ്രസ്ഥാനത്തിൻ്റെ കരുത്തെന്നും ജലീല്‍ കുറിച്ചു.
‘എന്റെ സുഹൃത്തും സി.പി.ഐ ആലപ്പുഴ ജില്ലാകമ്മിറ്റി അംഗവുമായ എ.എം ആരിഫ് എം.പിയുടെ മാതാവ് ഒരാഴ്ച മുമ്പാണ് മരണപ്പെട്ടത്. ഞാൻ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചിരുന്നു. ഉമ്മയുടെ മയ്യത്ത് നമസ്കാരത്തിന് നേതൃത്വം നൽകിയത് ആരിഫാണ്. മതാചാരപ്രകാരം ജീവിക്കുന്ന ലക്ഷക്കണക്കിന് സഖാക്കൾ ഉള്ള നാടാണ് കേരളം. ബഹുജന പാർട്ടിയാണ് സി.പി.എം. അത് മറന്ന് ചില തൽപരകക്ഷികൾ കെ.അനിൽകുമാറിന്റെ വ്യക്തിപരമായ നിരീക്ഷണം സിപിഎമ്മിന്റേതാണെന്ന് വരുത്തിത്തീർത്ത് വിശ്വാസികളായ മുസ്ലിം വിഭാഗത്തിനിടയിൽ പ്രചരിപ്പിക്കുന്നത് മാന്യതക്ക് ചേർന്നതല്ല’.
ഒരു വ്യക്തിയുടെ അബദ്ധം ഒരു പാർട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാൻ ശ്രമിക്കുന്നത് തികഞ്ഞ വിവരക്കേടാണ്. കാളപെറ്റു എന്ന് കേൾക്കുമ്പോഴേക്ക് കയറെടുക്കുന്ന പ്രവണത ശരിയല്ല.
ലീഗ് നേതാവ് അബ്ദുറഹിമാൻ കല്ലായി മന്ത്രി പി.എം.മുഹമ്മദ് റിയാസിനെ കുറിച്ച് ആക്രോശിച്ച ജൽപ്പനങ്ങൾ മുസ്ലിംലീഗിന്റെ നിലപാടല്ലാത്തതുപോലെ, മന്ത്രി വീണാ ജോർജിനെതിരെ കെ.എം.ഷാജി ഉപയോഗിച്ച സംസ്കാരശൂന്യ വാക്കുകൾ ലീഗിന്റെ നയമല്ലാത്തതുപോലെ, കെ.അനിൽകുമാറിന്റെ അഭിപ്രായം സി.പി.ഐ എമ്മിന്റേതല്ലെന്ന് തിരിച്ചറിയാൻ വിവേകമുള്ളവർക്ക് കഴിയണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.
KT Jaleel against cpm leader K Anil kumars statement
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.