anil-akkare

കൊടകര കുഴല്‍പ്പണക്കേസിലെ രണ്ടു പ്രതികള്‍ക്ക് സിപിഎം നേതാക്കള്‍ ഇടപ്പെട്ട് ഒന്നേക്കാല്‍ കോടി രൂപ വായ്പ നല്‍കിയെന്ന് അനില്‍ അക്കര ആരോപിച്ചു. കരുവന്നൂര്‍ കേസിലെ ആദ്യത്തെ എഫ്ഐആര്‍ റദ്ദാക്കി ഇഡി അന്വേഷണം അട്ടിമറിക്കാന്‍ സിപിഎം ശ്രമം തുടങ്ങിയെന്നും അനില്‍ അക്കര കുറ്റപ്പെടുത്തി. സഹകരണ ബാങ്കിലെ തട്ടപ്പിനെതിരായ പദയാത്ര ഡ്രാമയെന്ന് പറയുന്നവര്‍ കമ്മ്യൂണിസത്തിന്റെ തിമിരം ബാധിച്ചവരെന്ന് സുരേഷ് ഗോപി പറഞ്ഞു. 

 

കരുവന്നൂര്‍ തട്ടിപ്പുകേസും കൊടകര കുഴല്‍പ്പണക്കേസും സിപിഎമ്മിന്‍റെ ഇരട്ടക്കുട്ടികളെന്നാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര രംഗത്തെത്തി. കൊടകരക്കേസിലെ രണ്ട് പ്രതികള്‍ക്ക് സിപിഎം ഭരിക്കുന്ന കുട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ഒന്നേകാല്‍ കോടി രൂപ വായ്പ അനുവദിച്ചു. കരുവന്നൂര്‍ തട്ടിപ്പിലെ മുഖ്യ ഇടനിലക്കാരന്‍ സതീഷ്കുമാറാണ് ഈ ഇടപാടിന് പിന്നിലെന്ന് അനില്‍ അക്കര പറഞ്ഞു. കൊടകര കേസിലെ പ്രതികളായ രഞ്ജിത്തും ദീപ്തിയുമാണ് കുട്ടനെല്ലൂര്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്തത്. കരുവന്നൂരിലെ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ റദ്ദാക്കി ഇഡി അന്വേഷണം അട്ടിമറിക്കാന്‍ സിപിഎം നീക്കം തുടങ്ങിയെന്നും അക്കര ആരോപിച്ചു. 

 

കരുവന്നൂര്‍ ബാങ്ക് നല്‍കിയ പരാതി പിന്‍വലിച്ചാല്‍ എഫ്ഐആര്‍ റദ്ദാകും. ബാങ്കിനുണ്ടായ നഷ്ടം പ്രതികളില്‍ നിന്ന് ഈടാക്കാനാണ് ശ്രമം. ഹൈക്കോടതിയുടെ പുതിയ ഉത്തരവ് പ്രകാരം ആദ്യത്തെ എഫ്ഐആര്‍ റദ്ദാക്കിയാല്‍ ഇഡിയുടെ കേസിന് വിലയുണ്ടാകില്ലെന്നും അനില്‍ അക്കര പറഞ്ഞു. ഇതിനിടെ, സഹകാരി സംരക്ഷണ യാത്ര നേരത്തെ പ്രഖ്യാപിച്ചതാണെന്ന് സുരേഷ് ഗോപി പറഞ്ഞു. യാത്ര പ്രഖ്യാപിച്ച ശേഷമാണ് ഇഡി വന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനിയും ആറു മാസമുണ്ട്. പദയാത്ര ഡ്രാമയാണെന്ന് പറയുന്നവര്‍ കമ്മ്യൂണിസത്തിന്റെ തിമിരം ബാധിച്ചവരാണെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി.

 

സഹകരണ ബാങ്കുകള്‍ക്കെതിരായ ആക്രമണം ചെറുക്കാന്‍ എല്‍ഡിഎഫ് തൃശൂര്‍ ജില്ലയിലെ ഏഴു മണ്ഡലങ്ങളിലും കാല്‍നടജാഥകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.