കരുവന്നൂർ തട്ടിപ്പു കേസിലെ മുഖ്യപ്രതി പി.സതീഷ് കുമാർ  ലോണ്‍ ടേക്കോവര്‍ തട്ടിപ്പിലും വിരുതന്‍. തിരിച്ചടവിന് വഴിമുട്ടിനില്‍ക്കുന്നവരെ കൊണ്ട് കൂടുതല്‍ തുകയ്ക്കുള്ള ടോക്ക്ഒാവര്‍ വായ്പ നിര്‍ബന്ധിച്ച് എടുപ്പിച്ചിരുന്നതിന്‍റെ തെളിവുകള്‍ പുറത്ത്. അധികതുക വായ്പക്കാര്‍പോലും അറിയാതെ തട്ടിയെടുക്കുന്നതാണ് രീതി. നൂറ്റന്‍പതോളംപേര്‍ ടേക്ക്ഒാവര്‍ വായ്പ തട്ടിപ്പിന്് ഇരയായെന്ന് അനില്‍ അക്കര ആരോപിച്ചു. കേരള ബാങ്കിന്റെ മുണ്ടൂര്‍ ശാഖയില്‍ 18 ലക്ഷത്തിന്‍റെ വായ്പയുണ്ടായിരുന്നുവെന്നും, ടേക്ക്ഒാവര്‍ നടത്തി 11ലക്ഷം രൂപാ സതീഷ് കുമാര്‍ ബലമായി പിടിച്ചുവാങ്ങിയെന്നും ആരോപിച്ച് തട്ടിപ്പിന് ഇരയായ തൃശൂര്‍ മണിത്തറ സ്വദേശി സിന്ധു രംഗത്തെത്തി. നിലവില്‍ 75 ലക്ഷത്തിന്‍റെ ബാധ്യതയുണ്ടെന്നും ബുധനാഴ്ച ജപ്തി ചെയ്യുമെെന്ന് ബാങ്ക് അറിയിച്ചതായും അവര്‍ പറയുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ക്ലോസ് ചെയ്ത് ടെയ്ക് ഓവര്‍ ചെയ്ത് കഴിഞ്ഞശേഷം ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ആധാരം ബാങ്കിന്റെ കൈവശമായി. 26 ലക്ഷം രൂപയും പലിശയം കൊടുക്കണമെന്ന് പറഞ്ഞു. അപ്പോഴാണ് വീട് ഒഴിവാക്കി തന്നിട്ട് പിന്നിലുള്ള 23 സെന്‍റ് സ്ഥലം എടുത്തോളാന്‍ പറഞ്ഞത്. ബാങ്കിലുള്ളവര്‍ക്ക് കമ്മിഷന്‍ കൊടുക്കണമെന്നാണ് പറഞ്ഞത്. ആര്‍ക്കാണ്, എന്താണ് എന്ന് പറഞ്ഞില്ല. അങ്ങനെ കമ്മിഷനൊക്കെ പോയി വരുമ്പോള്‍ പിന്നെ ഇതിലെന്താണ് ഉണ്ടാവുകയെന്നാണ് ചോദിച്ചത്. അത്രയൊക്കെ കമ്മിഷനുണ്ടോ എന്നാണ് ഞാന്‍ ചോദിച്ചത്. ഭൂമി വില്‍ക്കുകയാണ് ഇതിലും നല്ലത് എന്ന് പറഞ്ഞപ്പോള്‍ അതിപ്പോ പറഞ്ഞിട്ട് കാര്യമില്ല. മുന്നേ എല്ലാം പറഞ്ഞിട്ടുള്ള കാര്യമാണെന്ന് പറഞ്ഞു' –സിന്ധു മാധ്യമങ്ങളോട് പറഞ്ഞു. 

 

കേരള ബാങ്കിന്റെ മുണ്ടൂര്‍ ശാഖയില്‍ നിന്നും 2018 ന് മുന്‍പ് 18 ലക്ഷം രൂപയാണ് സിന്ധു വായ്പയെടുത്തിരുന്നത്. കോവിഡിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഈ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. തിരിച്ചടവ് മുടങ്ങിയതോടെ സതീഷ്കുമാര്‍ , വിജയന്‍ എന്നയാള്‍ വഴി സിന്ധുവിനെ സമീപിക്കുകയായിരുന്നു. വായ്പ ടേക്ക് ഓവര്‍ ചെയ്യാമെന്നും അതുവഴി ജപ്തി നടപടി ഒഴിവാക്കാനാകുമെന്നും അറിയിച്ചു. അങ്ങനെ പെരിങ്ങണ്ടൂര്‍ ശാഖയിലേക്ക് ലോണ്‍ ടെയ്ക്ക് ഓവര്‍ ചെയ്യാനുള്ള നടപടിക്ക് സിന്ധു സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് പെരിങ്ങണ്ടൂര്‍ ശാഖയില്‍ നിന്നും 35 ലക്ഷം രൂപ ലോണ്‍ എടുക്കണമെന്ന് സതീഷ് കുമാര്‍ ആവശ്യപ്പെട്ടുവെന്ന് വീട്ടമ്മ വെളിപ്പെടുത്തുന്നു. എന്നാല്‍ ഇത്രയും വലിയ തുക തിരിച്ചടയ്ക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെ അതിനുള്ള സൗകര്യം നല്‍കാമെന്ന് പറഞ്ഞുവെന്നു അങ്ങനെ ബാങ്കില്‍ നിന്നും ലോണെടുത്തതില്‍ 11 ലക്ഷം രൂപ സതീഷും വിജയനും ബലമായി വാങ്ങിയെന്നുമാണ് സിന്ധുവിന്റെ ആരോപണം. 

 

Karuvannur accused Satheeshkumar forcibly taken 11 lakhs, alleges Sindhu

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ