francis-pc-thomas-joseph-mo
  • സീറ്റ് ജോസഫ് ഗ്രൂപ്പിന് കൊടുക്കാന്‍ കോൺഗ്രസ്
  • പി.ജെ ജോസഫോ മോൻസ് ജോസഫോ മല്‍സരിക്കണമെന്ന് ആവശ്യം
  • ഫ്രാൻസിസ് ജോർജിനും പി.സി തോമസിനും സാധ്യത

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കോട്ടയത്ത് സീറ്റ് ചർച്ചകൾ സജീവമാക്കി യുഡിഎഫ്. കോട്ടയം ലോക്സഭാ സീറ്റ് ജോസഫ് ഗ്രൂപ്പിന് കൊടുക്കാനാണ് കോൺഗ്രസ് തീരുമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനുമിടയിൽ കോട്ടയം ടിക്കറ്റ് നഷ്ടമായ പി.ജെ ജോസഫ് തന്നെയാണ് പ്രഥമ പരിഗണനയിലുള്ളത്. കോട്ടയത്ത് അങ്കത്തിന് ജോസഫ് ഗ്രൂപ്പ് തന്നെ ഇറങ്ങട്ടെയെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെയും തീരുമാനം.. ജോസഫ് ഗ്രൂപ്പ് മത്സരത്തിനിറങ്ങിയാൽ സമുദായിക സമവാക്യങ്ങൾ കൂടി പരിഗണിച്ച് ശക്തനായ സ്ഥാനാർത്ഥി എത്തിയാലേ മാണി ഗ്രൂപ്പിന്റെ സിറ്റിംഗ് സീറ്റിനെ പിടിച്ചെടുക്കാൻ കഴിയൂ. പാർട്ടി ചെയർമാൻ തന്നെയായ പി.ജെ ജോസഫോ മോൻസ് ജോസഫോ മത്സരിച്ചാലെ വിജയിക്കാൻ കഴിയൂ എന്നാണ് കണക്കുകൂട്ടൽ. കടുത്തുരുത്തി എംഎൽഎ ആയ മോൻസിന് നിയമസഭ വിട്ട് ലോക്സഭയിലേക്ക് പോകാൻ താല്പര്യമില്ല. 

പി.ജെ ജോസഫ് മത്സരിക്കാൻ ഇറങ്ങിയാൽ ഉയർന്നുകേട്ട പേരുകളായ ഫ്രാൻസിസ് ജോർജിന്റെയും പി.സി തോമസിനെയും സാധ്യത അടയും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് പി.ജെ ജോസഫ് മത്സരിക്കുന്നത് കെ.എം മാണി ഉൾപ്പെടെ സമ്മതിച്ചിരുന്നെങ്കിലും അവസാന നിമിഷം ഉണ്ടായ മാറ്റമായിരുന്നു കേരള കോൺഗ്രസിന്റെ പിളർപ്പിലേക്ക് നയിച്ചത്. ചെയർമാനായ പി.ജെ ജോസഫ് മത്സരിച്ചാൽ പാർട്ടിയിൽ നിന്ന് എതിരഭിപ്രായങ്ങൾ ഉയരില്ലെന്നും തൊടുപുഴയ്ക്കൊപ്പം കോട്ടയം കൂടി പിടിക്കാമെന്നും ജോസഫ് ഗ്രൂപ്പ് കണക്കുകൂട്ടുന്നു. അതേസമയം എം.പി ഫണ്ട് ചിലവഴിച്ചതിൽ ഒന്നാമൻ എന്ന രീതിയിൽ തോമസ് ചാഴികാടന്റെ ഫ്ലക്സുകൾ മണി ഗ്രൂപ്പ് ജില്ലയുടെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചു കഴിഞ്ഞു.

UDF has started the Kottayam seat talks

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.