സോളര്‍ പീഡനക്കേസിലെ പരാതിക്കാരി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരെഴുതിയ കത്ത് തയ്യാറാക്കിയതിൽ ഗൂഢാലോചന ഉണ്ടെന്ന കേസിൽ കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എ നേരിട്ട് കോടതിയിൽ ഹാജരാകണം. അടുത്ത മാസം പതിനെട്ടിന് ഹാജരാകണമെന്നാണ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ നിർദേശം. പരാതിക്കാരിക്ക് വീണ്ടും സമന്‍സ് അയയ്ക്കാനും കോടതി നിർദേശിച്ചു.
സോളർ പരാതിക്കാരി, കെ.ബി.ഗണേഷ്കുമാര്‍ എം.എൽ.എ എന്നിവർക്കെതിരെ സമൻസ് അയക്കാൻ 2021 ജൂണിൽ കോടതി ഉത്തരവിട്ടെങ്കിലും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേ ഉത്തരവിന്റെ കാലാവധി ഇന്നലെ കഴിഞ്ഞതോടെയാണ് കൊട്ടാരക്കര കോടതി പരിഗണിച്ചത്. ഗണേഷ്കുമാറും പരാതിക്കാരിയും ഇന്നു കോടതിയിൽ ഹാജരായില്ല. കെ.ബി ഗണേഷ്കുമാര്‍ എം.എല്‍.എ അടുത്ത മാസം പതിനെട്ടിന് നേരിട്ട് ഹാജരാകണമെന്നാണ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ നിർദേശം. പരാതിക്കാരിക്കു വീണ്ടും സമന്‍സ് അയയ്ക്കാനും കോടതി നിർദേശിച്ചു. ആറുവർഷം മുമ്പ് അഭിഭാഷകരായ സുധീർ ജേക്കബാണ് ഹർജി നൽകിയത്.
2018 ൽ ഉമ്മൻചാണ്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തിയതാണ്. കൂടാതെ പത്തനംതിട്ട ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് അടക്കം തെളിവുകളും കോടതിയിലെത്തിയിരുന്നു. സിബിഐ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗണേഷ് കുമാറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് നേരത്തെ യുഡിഎഫ് നേതാക്കൾ പറഞ്ഞിരുന്നത്. കൊട്ടാരക്കര കോടതിയിലെ ഈ കേസിൽ കക്ഷി ചേരുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
Solar conspiracy case Kottarakka Court order
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.