മുത്തലാഖ് നിരോധത്തിന് ശേഷം മുസ്‌ലിം സ്ത്രീകളുടെ പിന്തുണ ബിജെപിക്കെന്ന രാജ്യസഭയിലെ പരാമര്‍ശം പരിഹാസമായിരുന്നുവെന്ന നിലപാടുമായി മുസ്‌ലിം ലീഗ് എം.പി പി.വി. അബ്ദുല്‍ വഹാബ്. ബിജെപി അനുകൂല പ്രസ്താവനയാക്കി വ്യാഖ്യാനിക്കുന്നവര്‍ക്ക് പ്രത്യേക താല്‍പര്യമുണ്ടെന്നും വനിതാസംവരണ ബില്‍ ഇപ്പോള്‍ കൊണ്ടുവന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും അബ്ദുല്‍ വഹാബ് ഡല്‍ഹിയില്‍ പ്രതികരിച്ചു. ഇന്നലെ വനിതാ സംവരണ ബില്ലിലെ ചര്‍ച്ചക്കിടയിലെ എംപിയുടെ പ്രസംഗമായിരുന്നു വിവാദമായത്.
മുത്തലാഖ് നിരോധനത്തോടെ മുസ്‍ലിം വനിതകള്‍ ബിജെപിയെ പിന്തുണയ്ക്കുന്നതായിയാണ് അബ്ദുല്‍ വഹാബ് രാജ്യസഭയില്‍ പറഞ്ഞത്. വനിത സംവരണ ബില്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു അബ്ദുല്‍ വഹാബിന്‍റെ പരാമര്‍ശം. വിജയസാധ്യതയുള്ള 33 ശതമാനം സീറ്റുകളില്‍ ബിജെപി സ്ത്രീകളെ മല്‍സരിപ്പിക്കണം. മുത്തലാഖ് നിരോധനത്തിനായി വാദിച്ച സ്ത്രീകള്‍ പാര്‍ലമെന്‍റില്‍ എത്തുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായും അബ്ദുല്‍ വഹാബ് പറഞ്ഞിരുന്നു.
എന്നാല്‍ പരിഹാസം ബിജെപിക്ക് പിന്‍തുണയെന്ന് തെറ്റിദ്ധരിച്ചെന്നാണ് അബ്ദുള്‍ വഹാബ് വ്യക്തമാക്കുന്നത്. മുസ്ലീ ലീഗ് അംഗം അത്തരത്തില്‍ പ്രസ്താവന നടത്തുമോ എന്നും വഹാബ് ചോദിക്കുന്നുണ്ട്. പരിഹാസം വ്യാഖ്യനാനിക്കുന്നത് മറ്റു ലക്ഷ്യങ്ങളോടെയാണെന്നും മുത്തലാഖ് നിരോധിച്ചത് കൊണ്ട് രാജ്യത്ത് ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
Abdul Wahab explanation on BJP supporting statement