പുതിയ പാര്‍ലമെന്റിലെ സമ്മേളനത്തിന് മുന്‍പ് എംപിമാർക്ക് വിതരണം ചെയ്ത ഭരണഘടനയുടെ ആമുഖത്തിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഇല്ലായിരുന്നു എന്ന് കോൺഗ്രസ്. കൗശലപൂർവം സർക്കാർ ആമുഖത്തിലെ വാക്കുകൾ ഒഴിവാക്കിയെന്ന ലോക്‌സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ വിമര്‍ശനം സോണിയാഗാന്ധിയും ശരിവെച്ചു . ആരോപണം തള്ളിയ സർക്കാർ പഴയതും പുതിയതുമായ ഭരണഘടനയുടെ കോപ്പികൾ അംഗങ്ങൾക്ക് നൽകിയിരുന്നു എന്ന് വിശദീകരിച്ചു.
സര്‍ക്കാര്‍ നല്‍കിയ ഭരണഘടനയുമായാണ് പ്രതിപക്ഷ എംപിമാര്‍ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് ഇന്നലെ പ്രവേശിച്ചത് . ഇതിന് ശേഷം ഭരണ ഘടനയുടെ ആമുഖം വായിച്ചപ്പോഴാണ് 1976 ൽ ചേർത്ത മതേതരത്വം സോഷ്യലിസം എന്നീ വാക്കുകൾ ഇല്ലായെന്ന് ശ്രദ്ധയിൽ പെട്ടതെന്ന് കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. സർക്കാർ നടപടി സംശയാസ്പദമാണെന്നും സഭയിൽ വിഷയം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും അധിർ രഞ്ജൻ ചൗധരി.
സർക്കാരിന്റെ മനസ്സിലുള്ളത് പ്രവ്യത്തിയിൽ പ്രതിഫലിക്കുന്നുഎന്ന് എംപിമാരായ കെ സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷുo വിമര്‍ശിച്ചു . ആരോപണങ്ങള്‍ തള്ളിയ സര്‍ക്കാര്‍ മതേതരത്വം ചേർത്തതിന് മുമ്പുള്ളതും ശേഷമുള്ളതുമായ ഭരണഘടനയുടെ പകർപ്പുകൾ നൽകിയിരുന്നുവെന്ന് വിശദീകരിച്ചു. ഒരേ സമയം പഴയതും പുതിയതുമായ ഭരണഘടന കോപ്പികൾ വിതരണം ചെയ്തത് കള്ളക്കളി ആണെന്നാണ് കോൺഗ്രസ് പറയുന്നത്.
New copies of Constitution's Preamble doesn't have the words 'socialist secular' alleges congress