Rajalakshmi-surrender

പി.എസ്.സിയുടെ പേരിൽ കോടികളുടെ നിയമനത്തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി രാജലക്ഷ്മി കീഴടങ്ങി. പിഎസ്‌സി ഉദ്യോഗസ്ഥ എന്ന വ്യാജേന തട്ടിപ്പിന് കൂട്ടുനിന്ന മറ്റൊരു പ്രതി ജോയ്സിയെ പൊലീസ് പിടികൂടിയതിന് പിന്നാലെയാണ് മുഖ്യപ്രതിയുടെ കീഴടങ്ങൽ. ഇതോടെ പ്രധാന മൂന്നു പ്രതികളും പിടിയിലായി.

 

പരീക്ഷയെഴുതാതെ പിഎസ് സി വഴി ജോലി നൽകാമെന്ന് പറഞ്ഞ് ഉദ്യോഗാർത്ഥികളിൽ നിന്ന് രണ്ടുകോടിയോളം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയാണ് രാജലക്ഷ്മി. അടൂർ സ്വദേശിയായ രാജലക്ഷ്മി പോലീസ് ഉദ്യോഗസ്ഥ  ചമഞ്ഞാണ് തട്ടിപ്പ് നടത്തിയിരുന്നത്.തട്ടിപ്പ് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഇതര സംസ്ഥാനത്തേക്ക് ഒളിവിൽ പോയ രാജലക്ഷ്മി തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് കഴക്കൂട്ടം പോലീസ് സ്റ്റേഷൻ എത്തി കീഴടങ്ങിയത്.രാജലക്ഷ്മിയെ ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിന്റെ പിന്നിലെ യഥാർത്ഥ ചിത്രം വ്യക്തമാകുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണസംഘം.അതിനിടെ തട്ടിപ്പിൽ രാജലക്ഷ്മിയുടെ മുഖ്യ സഹായിയായിരുന്ന കോട്ടയം സ്വദേശി ജോയ്സിയെ ഉച്ചയോടെ  പിടികൂടിയിരുന്നു.

 

പിഎസ്‌സി ഉദ്യോഗസ്ഥ ചമഞ്ഞ് ഉദ്യോഗാർത്ഥികളെ വീഡിയോ കോൾ വഴി ഇൻറർവ്യൂ ചെയ്തിരുന്നത് ജോയ്സിയായിരുന്നു.ഇത് വിശ്വസിച്ചാണ് ഉദ്യോഗാർത്ഥികളിൽ പലരും ജോലിക്ക് വേണ്ടി 5 ലക്ഷം രൂപ വരെ നൽകിയിരുന്നത്.കേസിലെ മറ്റൊരു മുഖ്യപ്രതിയായ തൃശൂർ ആമ്പല്ലൂർ സ്വദേശി രശ്മി കഴിഞ്ഞദിവസം കീഴടങ്ങിയിരുന്നു.ഇവർ മൂവരും ചേർന്ന് വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ജോലി തേടി നടക്കുന്ന യുവാക്കളെ അതിൽ അംഗമാക്കി തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ .ഇവർ നൽകിയ വ്യാജ നിയമന കത്ത് വിശ്വസിച്ച് രണ്ട് ഉദ്യോഗാർത്ഥികൾ പി എസ് സി ആസ്ഥാനത്ത് എത്തിയതോടുകൂടിയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.ഇവരെ കൂടാതെ കൂടുതൽ പേർ ഇതിനു പിന്നിൽ ഉണ്ടോ എന്നാണ് ഇനിയുള്ള ചോദ്യംചെയ്നിൽ പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

 

PSC job fraud: First accused surrender