കുട്ടനാട്ടിലെ വിമതർക്കെതിരെ പരസ്യ പ്രതികരണവുമായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍. വിമത നേതാവായ രാമങ്കരി പഞ്ചായത്ത് പ്രസിഡന്‍റ് രാജേന്ദ്രകുമാർ തട്ടിപ്പുകാരനാണ്. പഞ്ചായത്ത് ഭരണത്തിലെ കാര്യങ്ങള്‍ പാര്‍ട്ടിയോട് ആലോചിച്ചില്ലെന്നും ലെവി നല്‍കിയിരുന്നില്ലെന്നും നാസര്‍ ആരോപിച്ചു. രാജേന്ദ്രകുമാര്‍ ലോക്കല്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ വെട്ടിപ്പ് നടത്തിയെന്നും അദ്ദേഹം പറയുന്നു. തന്നിഷ്ടപ്രകാരമാണ് രാജേന്ദ്രകുമാര്‍ കഴിഞ്ഞത്. പാര്‍ട്ടിയെ വെല്ലുവിളിക്കുകയും പാര്‍ട്ടിക്കെതിരായി സഖാക്കളെ സംഘടിപ്പിക്കുകയും വാര്‍ത്തകള്‍ നല്‍കുകയും ചെയ്തുവെന്നും നാസര്‍ ആരോപിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരെയും വിളിച്ചാണ് രാജേന്ദ്രകുമാര്‍ മറ്റൊരു പാര്‍ട്ടിയിലേക്ക് പോയത്. സിപിഎം നടപടിയെടുത്തവര്‍ എത്തേണ്ടയിടത്താണ് എത്തിയതെന്ന് സിപിഐയ്ക്കെതിരെ നാസര്‍ ഒളിയമ്പെയ്തു. രാമങ്കരിയില്‍ നടന്ന ജനകീയ പ്രതിഷേധ സമരത്തിലായിരുന്നു നാസറിന്‍റെ വിമര്‍ശനം. രണ്ട് തവണ രാജേന്ദ്രകുമാറിനെതിരെ പാര്‍ട്ടി നടപടിയെടുത്തതാണെന്നും നൂറുകണക്കിന് പേര്‍ സിപിഎം വിട്ടുവെന്നത് വ്യാജമാണെന്നും പാര്‍ട്ടിവിട്ടെന്ന് പറയപ്പെടുന്നവര്‍ ആരും അംഗങ്ങളായിരുന്നില്ലെന്നും നാസര്‍ അവകാശപ്പെട്ടു. റിവിഷനിസ്റ്റുകളുടെ പാര്‍ട്ടിയാണ് സിപിഐയെന്നും അവസരവാദികളാണ് പുതുതായി സിപിഐയില്‍ എത്തിയതെന്നും അദ്ദേഹം പരിഹസിച്ചു.
Alappuzha District Secretary against rebels in Kuttanad