• മുന്‍ ജയില്‍ മേധാവി നല്‍കിയ മൊഴി അവഗണിച്ചു
  • കത്ത് ഉള്‍പ്പെടുത്തിയത് പരിഗണനാവിഷയങ്ങള്‍ മറികടന്ന്
  • കമ്മിഷന്റെ അമിതതാല്‍പര്യത്തെ മുന്‍ ഡിജിപി വിമര്‍ശിച്ചു

ഉമ്മന്‍ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം എഴുതിച്ചേര്‍ത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന വ്യക്തമായ സൂചന സിബിഐ നല്‍കിയതോടെ പൊളിഞ്ഞത് സോളര്‍ കമ്മിഷന്‍റെ മുന്‍ നിഗമനങ്ങള്‍. ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ ആരോപണമുള്ള കത്താണ് ഒറിജിനല്‍ കത്തെന്ന കമ്മിഷന്‍റെ നിഗമനം തെറ്റി. ഉമ്മന്‍ ചാണ്ടിയുടെ പേര് ഒറിജിനല്‍ കത്തിലില്ലെന്ന് മുന്‍ ജയില്‍ മേധാവി നല്‍കിയ മൊഴിപോലും അവഗണിച്ചാണ് കമ്മിഷന്‍ വിവാദ കത്ത് റിപ്പോര്‍ട്ടിന്‍റെ ഭാഗമാക്കിയത്.

വേങ്ങര ഉപതിരഞ്ഞെടുപ്പ് ദിവസം. ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ  പ്രഖ്യാപനത്തിനുപിന്നില്‍  കൃത്യമായ രാഷ്ട്രീയമുണ്ടായിരുന്നെങ്കിലും ന്യായമായി ചൂണ്ടിക്കാട്ടിയത് സോളര്‍ കമ്മിഷന്‍റെ റിപ്പോര്‍ട്ടാണ്. 2017 സെപ്റ്റംബര്‍ 26ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട്.  പരിഗണനാവിഷയങ്ങള്‍ മറികടന്ന് ഈ റിപ്പോര്‍ട്ടില്‍ കമ്മിഷന്‍ വിവാദ കത്ത് ഉള്‍പ്പെടുത്തിയതിന് ഉമ്മന്‍ ചാണ്ടി ചോദ്യംചെയ്തു. പൊലീസ് കസ്റ്റഡിയിലിരിക്കെ 2013 ജൂലൈ 19ന് പരാതിക്കാരിയെഴുതിയ ഒറിജിനല്‍ കത്തെന്ന വിശേഷണത്തോടെയാണ് കമ്മിഷന്‍ കത്ത് ഉള്‍പ്പെടുത്തിയത് എന്നതാണ് വിചിത്രം. 

ശരണ്യ മനോജ്  ദല്ലാള്‍ നന്ദകുമാറിന് നല്‍കുകയും തുടര്‍ന്ന് ചാനല്‍വഴി പുറത്തുവിടുകയും ചെയ്ത അതേ കത്താണ് കമ്മിഷന്‍ ഒറിജിനല്‍ കത്തായി അവതരിപ്പിച്ചത്. പത്തനംതിട്ട ജയിലില്‍വച്ച് പരാതിക്കാരി കൈമാറിയ കത്തില്‍ 21 പേജ് മാത്രമാണ് ഉണ്ടായിരുന്നതെന്നും അതില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്ലായിരുന്നുവെന്നും മുന്‍ ജയില്‍ ഡിജിപി നല്‍കിയ മൊഴിപോലും കമ്മിഷന്‍ അവഗണിച്ചു. കത്തിനെതിരെ ഉമ്മന്‍ചാണ്ടി എറണാകുളം സി.ജെ.എം കോടതിയില്‍ അപകീര്‍ത്തിപരാതി നല്‍കിയിട്ടും ഈ കത്തിനെ ആധികാരികമായി റിപ്പോര്‍ട്ടില്‍ അവതരിപ്പിച്ചത് എന്തിനെന്ന എന്ന സംശയം ഉയരുകയാണ്. ഇക്കാര്യങ്ങളില്‍ കമ്മിഷന്‍ കാണിച്ച അമിതതാല്‍പര്യത്തെയാണ് മുന്‍ ഡിജിപി ഹേമചന്ദ്രന്‍ വിമര്‍ശിച്ചത്. പരാതിക്കാരിയുടെ പേരില്‍ നാല് വ്യത്യസ്ത കത്തുകളുണ്ടന്നും കത്തുകളില്‍ വൈരുധ്യങ്ങളുണ്ടെന്നും സി.ബി.ഐ കണ്ടെത്തിയതോടെ കമ്മിഷന്‍ നിലപാടിലെ വീഴ്ചകള്‍കൂടിയാണ് വെളിപ്പെടുന്നത്.

Conclusions of the Solar Commission are fall apart