സോളര്‍ കേസില്‍ ഭരണപക്ഷത്തിന് പീലാത്തോസിന്റെ റോളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പരാതിക്കാരിക്ക് പണം നല്‍കിയാണ് കത്ത് വാങ്ങിയതെന്ന് വെളിപ്പെടുത്തിയത് ദല്ലാള്‍ നന്ദകുമാറാണ്. ഈ പണം ഭരണപക്ഷമാണ് നല്‍കിയതെന്നും സതീശന്‍ ആരോപിച്ചു. വ്യാജനിര്‍മിതിയാണ് കത്തെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് കത്തിലുണ്ടായിരുന്നതെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ ജനങ്ങളുടെ മുന്നില്‍ അപമാനിക്കുന്നതിനായി പരാതിക്കാരിയുടെ കയ്യില്‍ നിന്നും പണം നല്‍കി കത്തുവാങ്ങുകയായിരുന്നു. ഉമ്മന്‍ചാണ്ടിയെയും കോണ്‍ഗ്രസ് നേതാക്കന്‍മാരെയും മനഃപൂര്‍വം അപമാനിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും സതീശന്‍ പറഞ്ഞു.
സോളറിലെ തട്ടിപ്പുകേസില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അറിവോടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 33 കേസെടുത്തു. മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ടായിരുന്ന ടെനിജോപ്പന് പങ്കുണ്ടെന്ന് കണ്ടപ്പോള്‍ അദ്ദേഹത്തിനെതിരെയും കേസെടുത്തു. അവതാരങ്ങളെ അകറ്റി നിര്‍ത്തുമെന്ന് പറഞ്ഞ ഈ സര്‍ക്കാരിന്റെ കാലത്തും അവതാരങ്ങളുണ്ടായില്ലേയെന്നും സതീശന്‍ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി സംസാരിക്കാന്‍ ഭയമാണ് ഭരണപക്ഷത്തുള്ളവര്‍ക്കെന്നും രാജകൊട്ടാരത്തിലെ വിദൂഷകന്‍മാരുടെ അവസ്ഥയാണെന്നും എന്നാല്‍ പ്രതിപക്ഷത്തിന് ആ ഭയമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. കുറ്റകരമായ ഗൂഢാലോചന തെളിയിക്കപ്പെട്ട കേസില്‍ അതിന് പിന്നിലുള്ളവരെ പുറത്ത് കൊണ്ടുവരണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
VD Satheesan on Adjournment motion