സോളര്‍കേസിന്‍റെ ശില്‍പികളും പിതാക്കളും കോണ്‍ഗ്രസുകാരാണെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് കെ.ടി ജലീലിന്റെ മറുപടി. ഈ രക്തത്തില്‍ ഭരണപക്ഷത്തിന് പങ്കില്ലെന്നും ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ ശത്രുക്കള്‍ ഒപ്പം ഇരിക്കുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു. കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ പല വിവാദങ്ങളുടെയും അടിവേര് ചികഞ്ഞാല്‍ എത്തുക കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് പോരിലാണ്. രക്തപങ്കിലമായ കരങ്ങള്‍ മുഴുവന്‍ കോണ്‍ഗ്രസിന്റേതാണ്. വ്യക്തിഹത്യ നടത്തി ഒരാളെ രാഷ്ട്രീയത്തില്‍ നിന്നും നിഷ്കാസിതമാക്കുന്നതിന് ഇടതുപക്ഷം യോജിക്കാത്തവരാണ്. അത്തരം സമീപനങ്ങളെ നിശിതമായി എതിര്‍ക്കുന്നവരാണ് ഇടതുപക്ഷമെന്നും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെന്നും ജലീല്‍ അവകാശപ്പെട്ടു.
ജയിലില്‍ നിന്നും പരാതിക്കാരി എഴുതിയെന്ന് പറയുന്ന കത്ത് ഒരു മാധ്യമം പണം കൊടുത്താണ് വാങ്ങിയതെന്നും ജലീല്‍ ആരോപിച്ചു. ഇടതുപക്ഷ സംഘടനകള്‍ക്കെതിരായി ആരും കേസ് കൊടുത്തിട്ടില്ല. സിബിഐ റിപ്പോര്‍ട്ടില്‍ എവിടെയെങ്കിലും ഇടതുപക്ഷ സര്‍ക്കാരിന്റെ പങ്കാളിത്തത്തെ കുറിച്ചോ ഗൂഢാലോചനയെ കുറിച്ചോ പറയുന്നുണ്ടോയെന്നും ഉണ്ടെങ്കില്‍ പറയണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. സോളര്‍ കേസില്‍ പരാതി കൊടുത്ത ശ്രീധരന്‍നായര്‍ ഏതെങ്കിലും ഇടതുപാര്‍ട്ടിയില്‍ അംഗമായിരുന്നോ? പരാതി നല്‍കുന്ന കാലത്ത് അദ്ദേഹം കെപിസിസി അംഗമായിരുന്നുവെന്നും ജലീല്‍ ആരോപിച്ചു.
അതേസമയം, സോളറില്‍ ഉമ്മന്‍ചാണ്ടി നേരിട്ടത് കടുത്ത അവഹേളനമാണെന്നും മുഖ്യമന്ത്രിയും എല്‍ഡിഎഫും അദ്ദേഹത്തോട് മാപ്പ് പറയണമെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കല്ല ഇരട്ടമുഖമാണ്. തന്റെ ഭരണത്തില്‍ അവതാരങ്ങള്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ മൂന്നാം ദിനമാണ് തട്ടിപ്പുകാരിയായ ഒരു സ്ത്രീയെ വിളിച്ചു വരുത്തി പീഡന പരാതി എഴുതി വാങ്ങിയെന്നും ഷാഫി ആരോപിച്ചു.
KT Jaleel in adjournment motion