
മൊറോക്കോയിലെ മറകേഷ് നഗരത്തിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ 632 പേര്‍ മരിച്ചു. ആയിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റു. ഭൂകമ്പമാപിനിയില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാത്രിയോടെ (പ്രാദേശിക സമയം)യാണ് ഉണ്ടായത്. നിരവധിപ്പേര്‍ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വലിയ ശബ്ദം കേട്ടുവെന്നും കെട്ടിടങ്ങള്‍ ഒഴുകി നീങ്ങുന്നത് പോലെ തോന്നിയെന്നും ഭൂകമ്പമാണെന്ന് തിരിച്ചറിയാന്‍ കുറച്ച് നേരം വേണ്ടി വന്നുവെന്നും പ്രദേശവാസികള്‍ പ്രതികരിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അറ്റ്ലസ് പര്‍വത നിരകളാണ് പ്രഭവ കേന്ദ്രം. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ ലോകനേതാക്കള്‍ അനുശോചിച്ചു.
രാത്രിയില്‍ ആളുകള്‍ ഉറങ്ങിക്കിടക്കവെ ആയിരുന്നു ദുരന്തം. നൂറുകണക്കിനാളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഉള്‍പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനും പ്രയാസം നേരിടുന്നുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രി തന്നെ അറിയിച്ചു. ആയിരത്തോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ശക്തമായ തുടര്‍ ചലനങ്ങളുമുണ്ടായി. 350 കിലോമീറ്റര്‍ അകലെ തലസ്ഥാനമായ റബാത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടു. നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഭൂചലനമാണ് ഇതെന്ന് മൊറോക്കോയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജ്യോഗ്രഫി അറിയിച്ചു.
അള്‍ജീരിയയിലും തുടര്‍ചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടെങ്കിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 2004 ല്‍ വടക്കുകിഴക്കന്‍ മൊറോക്കോയില്‍ ഉണ്ടായ ഭൂചലനത്തില്‍ 628 പേര്‍ മരിക്കുകയും 926 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Powerful earthquake stikes Morocco 632 people killed