ചിത്രം:AFP
ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി നെയ്മാര്‍. ഫുട്ബോള്‍ ഇതിഹാസം പെലെയുടെ 77 ഗോളുകളെന്ന റെക്കോര്‍ഡാണ് ബൊളീവയ്ക്കെതിരായ മല്‍സരത്തില്‍ നെയ്മാര്‍ മറികടന്നത്. ഈ റെക്കോര്‍ഡ് നേട്ടം തന്നെ പെലെയെക്കാള് കേമനാക്കുന്നില്ലെന്ന് മല്‍സരശേഷം നെയ്മാര്‍ പ്രതികരിച്ചു.
ബൊളീവിയയ്ക്കെതിരായ ലോകകപ്പ് യോഗ്യതാമല്‍സരത്തില്‍ കളിയുടെ അറുപത്തിയൊന്നാം മിനിറ്റിലായിരുന്നു ചരിത്രം പിറന്നത്. നിലംപറ്റെയെത്തിയ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. ബ്രസീലിന്റെ നാലാം ഗോളായിരുന്നു അത്. പിന്നാലെ ടീമിന്റെ അഞ്ചാംഗോള്‍ നേടി റെക്കോര്‍ഡ് നേട്ടം ആഘോഷമാക്കി. 17ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി അവസരം നഷ്ടപ്പെടുത്തിയതിന്റെ സങ്കടം തീര്‍ക്കുന്നതുകൂടിയായിരുന്നു ആ ഗോളുകള്‍. പെലെയുടെ റെക്കോര്‍ഡ് മറികടക്കുമെന്ന് സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ലെന്നും ഈ സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ലെന്നും നെയ്മാര്‍ മല്‍സരശേഷം പറഞ്ഞു. 125 മല്‍സരങ്ങളില്‍ നിന്നാണ് നെയ്മാര്‍ എഴുപത്തൊന്‍പത് ഗോളുകള്‍ നേടിയത്. 92 മല്‍സരങ്ങളില്‍ നിന്നായിരുന്നു പെലെയുടെ 77 ഗോള്‍ നേട്ടം.
Neymar breaks Pele's brazil goal scoring record