സി.എസ്.ഐ സഭ മോഡറേറ്ററും ദക്ഷിണ കേരള മഹായിടവക ബിഷപ്പുമായ ധര്‍മരാജ് റസാലത്തിന് പദവികള്‍ നഷ്ടമാകും. മോഡറേറ്റര്‍ തിരഞ്ഞെടുപ്പും ബിഷപ്പ് സ്ഥാനത്ത് തുടരാനായി പ്രായപരിധി ഉയര്‍ത്തിയുള്ള ഭരണഘടനാ ഭേദഗതിയും മദ്രാസ് ഹൈക്കോടതി റദ്ദാക്കി. വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നത് പരിഗണിക്കുമെന്ന് റസാലത്തെ അനുകൂലിക്കുന്നവര്‍ അറിയിച്ചു.

 

സി.എസ്.ഐ സഭയില്‍ ബിഷപ്പ് ധര്‍മരാജ് റസാലത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ മാസങ്ങളായി തുടരുന്ന ഏറ്റുമുട്ടലില്‍ കനത്ത തിരിച്ചടിയാണ് ബിഷപ്പിനും കൂട്ടര്‍ക്കും ഉണ്ടായിരിക്കുന്നത്. ധര്‍മരാജ് റസാലത്തെ സഭ മോഡറേറ്ററായി 2022 ഒക്ടോബറില്‍ തിരഞ്ഞെടുത്തിരുന്നു. ആ തിരഞ്ഞെടുപ്പ് അസാധുവാക്കിയ കോടതി പുതിയ മോഡറേറ്റററെ തിരഞ്ഞെടുക്കാന്‍ വിരമിച്ച ജഡ്ജി അധ്യക്ഷനായി കമ്മിറ്റിയും രൂപീകരിച്ചു. ഇതുകൂടാതെ വൈദികനായി തുടരാനുള്ള പ്രായപരിധി 67ല്‍ നിന്ന് 70 ആയി ഉയര്‍ത്തിയ ഭരണഘടനാ ഭേദഗതിയും റദ്ദാക്കി. ഭരണഘടനാ ഭേദഗതിയും മോഡറേറ്റര്‍ തിരഞ്ഞെടുപ്പും ചട്ടംപാലിക്കാതെയും ഭൂരിപക്ഷമില്ലാതെയുമാണെന്ന സംയുക്ത സമിതിയുടെ വാദം അംഗീകരിച്ചാണ് നടപടി. ഇതോടെ 67 പിന്നിട്ട ധര്‍മരാജ് റസാലത്തിന് ബിഷപ്പ്, മോഡറേറ്റര്‍ പദവികള്‍ നഷ്ടമാവും.

 

കാരക്കോണം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിഷപ്പിനും കൂട്ടര്‍ക്കുമെതിരെ ഇ.ഡി, ക്രൈംബ്രാഞ്ച് അന്വേഷണങ്ങള്‍ നടന്നുവരുന്നതിനിടെയാണ് സ്ഥാനം നഷ്ടമാകുന്ന കോടതി വിധി. ധര്‍മരാജ് റസാലത്തെ കൂടാതെ കൊട്ടാരക്കര, കൊച്ചി, ബെംഗളൂരു ബിഷപ്പുമാരും അഞ്ഞൂറിലേറെ വൈദികരും പ്രായപരിധി മൂലം സ്ഥാനം ഒഴിയേണ്ടിവരും. ഇത് സഭയുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി അപ്പീല്‍ പോകാനാണ് ബിഷപ്പിന്റെയും കൂട്ടരുടെയും ആലോചന.

 

 

Madras HC disqualifies bishop Dharmaraj Rasalam from CSI church moderator post