puthuppally2pm-05
  • 2021 ലെ പോളിങ് ശതമാനത്തെ മറികടന്നു
  • ആവേശത്തോടെ വോട്ട് ചെയ്യാനെത്തി ജനം
  • വിജയപ്രതീക്ഷയില്‍ മുന്നണികള്‍

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ആവേശപ്പോളിങ്. ഉച്ചയ്ക്ക് രണ്ടുമണി വരെ 53.8 ശതമാനം പോളിങ് രേഖപ്പെടുത്തി. 2021 ലെ പോളിങ് ശതമാനത്തെ മറികടക്കുന്നതാണ് നിലവിലെ കണക്ക്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടുമണിവരെ 49.55 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ പ്രതീക്ഷയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ജെയ്ക് സി. തോമസിന് നല്ല പ്രതീക്ഷ നല്‍കുന്ന പോളിങാണ് നടക്കുന്നത്. കഴി‍ഞ്ഞ 53 വര്‍ഷക്കാലം ആധിപത്യം പുലര്‍ത്തിയ ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പില്‍ ഈസിവാക്കോവര്‍ ആയിരിക്കുമെന്നായിരുന്നു യുഡിഎഫിന്‍റെ ധാരണ. എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയ മേഖലയില്‍ പ്രധാന ചര്‍ച്ചയാകുകയും വികസനം, പ്രത്യേകിച്ചും പുതുപ്പള്ളിയിലെ വികസനം ചര്‍ച്ച ചെയ്യപ്പെടുകയും കേരളത്തിലെ സര്‍ക്കാരിന്റെ  നിലപാടുകള്‍ ചര്‍ച്ചയാകുകയും ചെയ്തതോടെ യുഡിഎഫിന് തന്നെ അവര്‍ വിചാരിച്ചത് പോലെ മണ്ഡലത്തില്‍ ജയിക്കാനാവില്ലെന്ന് മനസിലായിട്ടുണ്ടെന്ന് എം.വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. നല്ല വിജയം നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പ്രവര്‍ത്തകരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നല്ല നിലയില്‍ പുതുപ്പള്ളിയില്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

അതേസമയം, ചാണ്ടി ഉമ്മന് സ്വപ്ന തുല്യമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിനെതിരായ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. സിപിഎം വിഭ്രാന്തിയിലാണെന്നും അതുകൊണ്ടാണ് മൂന്നാംകിട ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

 

പുതുപ്പള്ളിയില്‍ പോളിങ് പുരോഗമിക്കുകയാണ്. 12 മണിവരെ  39.79 ശതമാനം പോളിങ് രേഖപ്പെടുത്തി. എല്ലാ പഞ്ചായത്തുകളിലും മികച്ച പോളിങ് പുരോഗമിക്കുകയാണ്. 2021 ല്‍ ഒരു മണിവരെ 44.85 ശതമാനം പോളിങാണ് രേഖപ്പെടുത്തിയിരുന്നത്. 

 

53.8 % turnout in Puthuppally till 2 PM