pulikali

തൃശൂരിൽ പുലിത്താളം മുറുകി. കരിമ്പുലിയും പുള്ളിപ്പുലിയും വരയൻ പുലിയും പൂര നഗരത്തിൽ ആരവങ്ങൾ തീർത്തു. 250 പുലികൾ ഉശിരോടെ ചുവടു വച്ചു. അഞ്ചു ദേശങ്ങൾ വീറും വാശിയോടെ മൽസരിച്ച് കളിച്ചു. തിങ്ങിനിറഞ്ഞ പുരുഷാരം. പുലിത്താളത്തില്‍ ചുവടുവച്ച പുലിക്കൂട്ടത്തെ കണ്ട് നിന്നവരുടെ മനസ് നിറഞ്ഞു. ഓണാഘോഷത്തിന് സമാപനം കുറിച്ചുള്ള പുലിക്കളി ഗംഭിരമായി. വൈകിട്ട് അഞ്ചരയോടെ പുലിക്കൂട്ടം സ്വരാജ് റൗണ്ടിലേയ്ക്ക് പ്രവേശിച്ചു. 

 

രാത്രി ഒന്‍പതു വരെ നീണ്ട കാഴ്ചയുടെ ഉൽസവം. നാലോണ സന്ധ്യയ്ക്ക് കാഴ്ചയുടെ നിറങ്ങള്‍ പകർന്നാടിയായിരുന്നു ദേശക്കാരുടെ വരവ്. പൊരിവെയിലത്തും ഊർജം ചോരാതെ ഒരേ മനസോടെ പുലികൾ നിറഞ്ഞാടി. പൂരദിനം ആനകളുടേതാണെങ്കിൽ നാലോണ ദിനം പുലികളുടേതായി മാറി. റോഡിന് ഇരുവശവും തിങ്ങിനിറഞ്ഞ കാണികളുടെ മനസും കണ്ണും പുലിക്കൂട്ടത്തിനൊപ്പമായിരുന്നു. നടുവിലാലിൽ തേങ്ങയുടച്ച് പുലിക്കളി സംഘങ്ങൾ സ്വരാജ് റൗണ്ടിൽ കളിച്ചു. 

 

വിദേശികള്‍ മുതല്‍ സ്വദേശികള്‍ വരെ പുലികള്‍ക്കൊപ്പം നിന്നു. നല്ല മാര്‍ക്കുറപ്പിക്കാന്‍ വിധികര്‍ത്താക്കള്‍ക്കു മുമ്പില്‍ ഉശിരന്‍ കളി. പെണ്‍പുലികളും കുട്ടിപ്പുലികളും പുലിക്കളിയില്‍ അണിനിരന്നു. നിശ്ചലദൃശ്യങ്ങളായിരുന്നു മറ്റൊരു ആകര്‍ഷണം. സമകാലിക വിഷയങ്ങള്‍ കോര്‍ത്തിണക്കിയ നിശ്ചല ദൃശ്യങ്ങളും കാണികളെ ചിന്തിപ്പിച്ചു. മൊബൈല്‍ ഫോണുകള്‍ ഉയര്‍ത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയായിരുന്നു കാഴ്ചക്കാര്‍ പുലികളെ പ്രോല്‍സാഹിപ്പിച്ചത്. നേരം ഇരുട്ടിയാലും പുലികളെ കാണാന്‍ പാകത്തില്‍ പ്രത്യേക വെളിച്ച സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. അടുത്ത പുലിക്കളിയ്ക്കു കാണാമെന്ന ഉറപ്പില്‍ അഞ്ചു ദേശങ്ങളും നഗരംവിട്ടു. 

 

'Tigers' to prance around Thrissur’s streets