paliyekkara

തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ വാഹനങ്ങൾക്ക് ഇന്ന് മുതൽ അധിക നിരക്ക് നൽകണം. ടോൾ പിരിവിനെതിരെ വ്യാപകമായി പരാതി ഉയരുന്നിതിനിടെയാണ് നിരക്ക് വർധന. ദേശീയ പാത 544ലെ പാലിയേക്കര ടോൾ പ്ലാസയിൽ ഇത് ഏഴാം തവണയാണ് നിരക്ക് വർധനവുണ്ടാകുന്നത്. ബസ്, ട്രക്ക്, മൾട്ടി ആക്സിൽ വാഹനങ്ങൾക്ക്  ഇന്നു മുതൽ 5 രൂപ അധികം നൽകണം. ദിവസം ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് എല്ലാ വിഭാഗം വാഹനങ്ങൾക്കും 5 മുതൽ 10 രൂപ വരെയും വർധിപ്പിച്ചു. കാർ, വാൻ, ജീപ്പ് തുടങ്ങി വാഹനങ്ങളുടെ ഒന്നിൽ കൂടുതൽ യാത്രകൾക്ക് 135 രൂപ നൽകിയിരുന്നിടത്ത് ഇനി മുതൽ 140 രൂപ നൽകണം.

 

പാലിയേക്കരയിൽ പതിനൊന്നു വർഷമായി ടോൾ പിരിവ് തുടങ്ങിയിട്ട്. 2015 മുതലാണ് നിരക്ക് ഓരോ വർഷവും വർധിപ്പിച്ചു തുടങ്ങിയത്. റോഡ് നിർമാണത്തിലെ അപാകതകൾ പരിഹരിക്കാതെയുള്ള ടോൾ വർദ്ധനവ് യാത്രക്കാരോട് കാണിക്കുന്ന കടുത്ത അനീതിയാണെന്നാണ് ആരോപണം. 2028 വരെയാണ് പാതയിൽ നിർമ്മാണ കമ്പനിക്ക് ടോൾ പിരിക്കാനുള്ള കരാർ.

 

കാർ‌, വാൻ ജീപ്പ് വിഭാ​ഗം: ഒരു ഭാ​ഗത്തേക്ക് -90 രൂപ(മാറ്റമില്ല), ഒന്നിൽ കൂടുതൽ യാത്രകൾക്ക്: 140 രൂപ(135 രൂപ)‌

 

ചെറുകിട വാണിജ്യ വാഹനങ്ങൾ:  ഒരു ഭാ​ഗത്തേക്ക് 160 രൂപ, (മാറ്റമില്ല), ഒന്നിൽ കൂടുതൽ യാത്രകൾക്ക്:  240 രൂപ(235 രൂപ)‌

 

ബസ് ട്രക്ക്: ഒരു ഭാ​ഗത്തേക്ക് 320 രൂപ (315 രൂപ), ഒന്നിൽ കൂടുതൽ യാത്രകൾക്ക് 480 രൂപ(475 രൂപ)

 

മൾട്ടി ആക്സിൽ വാഹനങ്ങൾ: ഒരു ഭാ​ഗത്തേക്ക് 515 രൂപ(510 രൂപ), ഒന്നിൽ കൂടുതൽ യാത്രകൾക്ക് 775 രൂപ(765 രൂപ)‌

 

Increased toll rate at paliyekkara from today