മലയാള സിനിമയിൽ നടൻ ഷെയിൻ നിഗമിനും ശ്രീനാഥ് ഭാസിക്കും നിർമാതാക്കൾ ഏർപ്പെടുത്തിയ വിലക്ക് നീക്കി. നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേതാണ് തീരുമാനം. ഷെയിനിന്റെ ഭാഗത്തുനിന്നുണ്ടായ വിട്ടുവീഴ്ചയും ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ക്ഷമാപണം നടത്തി നൽകിയ കത്തിനെയും തുടർന്നാണ് നടപടി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കഴിഞ്ഞ ഏപ്രിലിലാണ് ഷൂട്ടിങ് സെറ്റിലെ മോശം പെരുമാറ്റം ചൂണ്ടിക്കാട്ടി ഷെയിനിനും ശ്രീനാഥ് ഭാസിക്കും നിർമാതാക്കളുടെ സംഘടന വിലക്ക് ഏർപ്പെടുത്തിയത്. ഇരുവരുടെയും കൂടെ അഭിനയിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും സഹിക്കാനാവാത്ത അവസ്ഥയാണെന്നും നിർമാതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.  ഷെയിൻ പ്രതിഫലം അധികമായി ആവശ്യപ്പെട്ടതടക്കം പ്രശ്നം ഉണ്ടാക്കിയിരുന്നു. വിലക്ക് വന്നതോടെ ഷെയിനിന്റെ ആവശ്യപ്രകാരം അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു അടക്കം ഇടപെട്ടു. നിർമാതാക്കളുടെ ആവശ്യം അംഗീകരിച്ച് ഷെയിൻ പ്രതിഫലകാര്യത്തിൽ  വിട്ടുവീഴ്ച നടത്തി. അതുവരെയുണ്ടായ ചിത്രങ്ങളുടെ ഡബ്ബിങും ഷെയിൻ പൂർത്തീകരിച്ചു. ഇതിനിടെ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തി കത്തും നൽകി. രണ്ട് ചിത്രങ്ങൾക്കായി വാങ്ങിയ അഡ്വാൻസ് തുക തിരികെ നൽകാനും ശ്രീനാഥ് തയാറായി. ഇതോടെയാണ് ഇരുവരുടെയും പുതിയ ചിത്രങ്ങൾക്ക് വിലക്ക് വേണ്ടെന്ന് നിർമാതാക്കൾ തീരുമാനിക്കുകയായിരുന്നു.