സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണത്തിലെ പ്രതിസന്ധി മൂന്നാം ദിവസവും തുടരുന്നു. പൂർണതോതിൽ കിറ്റ് വിതരണം നടത്താൻ ഇതുവരേയ്ക്കും ആയിട്ടില്ല. 33000 ത്തോളം കിറ്റുകളാണ് ഇതുവരെ ഗുണഭോക്താക്കളിലേക്ക് എത്തിയത്. അതേസമയം, എല്ലാ റേഷൻ കടകളിലും വിതരണത്തിനായി കിറ്റുകൾ എത്തിച്ചിട്ടുണ്ട് എന്ന് ഭക്ഷമന്ത്രി ജി. ആർ അനിൽ അവകാശപ്പെട്ടു. പക്ഷേ മന്ത്രിയിങ്ങനെ പറയുമ്പോഴും 150 കിറ്റുകളെത്തേണ്ട തിരുവനന്തപുരം കുഞ്ചിറവിളയിലെ റേഷന്‍കടയില്‍ ഒരു കിറ്റ് പോലും ഇതുവരെ എത്തിയിട്ടില്ല. സമീപത്തുള്ള രണ്ട് റേഷന്‍കടകളിലും ഇതു തന്നെയാണ് സ്ഥിതി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
മറ്റുജില്ലകളിലും ഏറെക്കുറെ സമാനസ്ഥിതിയാണെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. ഇടുക്കി, കൊല്ലം ജില്ലകളിൽ പായസം മിക്സിന്റെ കുറവ് വിതരണത്തെ ബാധിക്കുന്നു. ആലപ്പുഴ ഉൾപ്പെടുന്ന എറണാകുളം മേഖലയിൽ 25 ശതമാനം കിറ്റുകൾ മാത്രമാണ് റേഷൻ കടകളിൽ എത്തിയത്. എറണാകുളത്ത് ചെറുപയർ പരിപ്പിന്റെ കുറവുണ്ട്. കോഴിക്കോട് 968 റേഷൻ കടകളിൽ നൂറെണ്ണത്തിൽ മാത്രമാണ് വിതരണം തുടങ്ങിയത്. വയനാട് ഭാഗികമായി വിതരണം പുരോഗമിക്കുന്നു. കാസർകോട് ജില്ലയില്‍ വെള്ളരിക്കുണ്ട് താലൂക്കിൽ മാത്രമാണ് വിതരണം തുടങ്ങിയത്.
Supplyco yet to solve onam kit crisis