pragyan-rover-12

 

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ രാജ്യത്തിന്റ മായാമുദ്ര പതിപ്പിച്ച് ചന്ദ്രയാന്‍ മൂന്ന്. അര്‍ധരാത്രി വിക്രം ലാന്‍ഡറിന്റെ റാംപ് തുറന്നു പുറത്തിറങ്ങിയ പ്രഗ്യാന്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ അശോകസ്തംഭവും ഇസ്റോയുടെ ചിഹ്നവും പതിച്ചു. റോവര്‍ ചന്ദ്രോപരിതലത്തില്‍കൂടി സഞ്ചരിച്ചുകൊണ്ടുള്ള ശാസ്ത്ര പരീക്ഷണങ്ങള്‍ക്കു തുടക്കമായി. ചരിത്ര നേട്ടം കരസ്ഥമാക്കിയ ഇസ്റോയെ രാഷ്ട്രപതി ദ്രൗപതി മുര്‍വുവടക്കം നിരവധി പ്രമുഖര്‍ പ്രശംസകൊണ്ടുമൂടി. പ്രധാനമന്ത്രി ഇസ്റോ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാന്‍ നേരിട്ടെത്തുമെന്നാണു വിവരം.

 

ഇന്നലെ വൈകീട്ട് ആറേ നാലിനു പിറന്ന ചരിത്രത്തിന്റെ ത്രില്ലാണ് രാജ്യമെങ്ങും. ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ആശംസാ പ്രവാഹം തുടരുമ്പോഴും വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും ചന്ദ്രനില്‍ പണി തുടരുകയാണ്.  സോഫ്റ്റ് ലാന്‍ഡിങിനിടെ ഉയര്‍ന്ന പൊടികള്‍ അടങ്ങിയെന്ന് ഉറപ്പാക്കി രാത്രി ഒന്‍പതരയോടെയാണു പ്രഗ്യാന്‍ റോവര്‍ ലാന്‍‍ഡറില്‍ നിന്നു പുറത്തിറക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയത്. സോളര്‍ പാനലുകളില്‍ വെളിച്ചം വീണന്ന് ഉറപ്പാക്കിയതിനു പിറകെ റോവറിന് ഇറങ്ങാനുള്ള റാംപു തുറന്നു. പുലര്‍ച്ചെ ഒരുമണിയോടെ അമ്പിളിമാമന്റെ രഹസ്യങ്ങള്‍ തേടി റോവര്‍ പുറത്തിറങ്ങി. ഇതോടെ പിന്‍ചക്രങ്ങളില്‍ പതിപ്പിച്ചിട്ടുള്ള അശോകസ്തംഭവും ഇസ്റോയുടെ ചിഹ്നവും എന്നേക്കുമായി ചന്ദ്രന്റെ ഉപരിതലത്തില്‍ പതി‍ഞ്ഞു. ലോകത്തെ മറ്റൊരു  രാജ്യത്തിനും ഇന്നുവരെ സാധിക്കാത്ത അപൂര്‍വ നേട്ടം കൂടി ഇന്ത്യയുടെ പേരിലായി.

 

പാറകളുടെ രൂപീകരണത്തിന് ആവശ്യമായ സോഡിയം ,സിലിക്കണ്‍,കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ മൂലകങ്ങളുടെ സാനിധ്യമുണ്ടോയന്നു തിരയുന്ന ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക് ഡൗണ്‍ സ്പെക്ട്രോമീറ്ററും ചന്ദ്രോപരിതലത്തിന്റെ രാസഘടന മനസിലാക്കാനുള്ള ആല്‍ഫാ പാര്‍ട്ടിക്കിള്‍ എക്സറേ സ്പെക്ട്രോമീറ്റര്‍ എന്ന രണ്ടു ഉപകരണങ്ങളാണു പ്രഗ്യാന്‍ റോവറിലുള്ളത്. ഇവ ശേഖരിക്കുന്ന വിവരങ്ങള്‍ ലാന്‍ഡറിലേക്കും അവിടെ നിന്നു ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓര്‍ബിറ്റര്‍ വഴി ബെംഗളുരുവിലെ ഇസ്റോ ട്രാക്കിങ് സെന്ററിലേക്കുമെത്തും. ഈ വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിലൂടെ  മറ്റൊരു ഗോളത്തില്‍ വാസം സാധ്യമാണോയെന്ന കാലങ്ങളായുള്ള വലിയ ചോദ്യത്തിന്റെ മറുപടിയിലേക്ക് ഒരുപടി കൂടി മനുഷ്യകുലം കടക്കുമെന്നാണു ലോകത്തിന്റെ പ്രതീക്ഷ.

 

Rover Pragyan Rolls Out Of Chandrayaan-3 Lander Near Moon's South Pole