കെ.കെ.ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാല എം എ ഇംഗ്ലീഷ് സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം. ലൈഫ് ആസ് എ കോമ്രേഡ് എന്ന പേരിൽ കെ.കെ.ശൈലജയുടെ ആത്മകഥ ഒന്നാം സെമസ്റ്റർ എം എ ഇംഗ്ലീഷ് സിലബസിൽ ഉൾപ്പെടുത്തിയതിനു എതിരെയാണ് കെ പി സി ടി എയും സേവ് യൂണിവേഴ്സിറ്റി സമിതിയും രംഗത്ത് എത്തിയത്. കണ്ണൂർ സർവകലാശാല എം.എ ഇംഗ്ലീഷ് ഒന്നാം സെമസ്റ്ററിലെ ഇലക്ടീവ് കോഴ്സിൽ ലൈഫ് റൈറ്റിങ് വിഭാഗത്തിൽ കോർ റീഡിങ്ങിനുള്ള പുസ്തകമായാണ് 'മൈ ലൈഫ് അസ് എ കോമ്രേഡ്' എന്ന കെ കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയിരിക്കുന്നത്. മഹാത്മ ഗാന്ധി, അംബേദ്കർ , സി കെ ജാനു എന്നിവരുടെ ആത്മകഥകൾക്കൊപ്പമാണ് ശെെലജയുടെ കൃതിയും പഠനത്തിനായി ഉൾപ്പെടുത്തിയിട്ടുളളത്.
ഗവർണറുടെ അനുമതിയില്ലാതെ വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രൻ രൂപീകരിച്ച 72 പഠന ബോർഡ് ഹൈ കോടതി റദ്ദാക്കിയതിനാൽ കണ്ണൂർ സർവകലാശാലയിൽ പഠനബോർഡ് നിലവിലില്ല.വി.സി സ്വന്തം നിലയിൽ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയാണ് ശൈലജയുടെ പുസ്തകം സിലബസിൽ ഉൾപ്പെടുത്തിയത്. ഇതു സിലബസിലെ രാഷ്ട്രീയവൽക്കരണമെന്നാണ് കെ പി സി ടി എയുടെ ആരോപണം.
ഒമ്പത് വർഷത്തിന് ശേഷം പരിഷ്ക്കരിച്ച സിലബസ് ഇന്നലെയാണ് പുറത്തിറങ്ങിയത്. ആത്മകഥ നിര്‍ബന്ധിത പഠന വിഷയമല്ലെന്നും അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ പ്രാദേശിക വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമിട്ടതെന്നുമാണ് അഡ്‌ഹോക് കമ്മിറ്റിയുടെ പ്രതികരണം. കണ്ണൂർ സർവകലാശാലയുടെ നടപടി നിയമ വിരുദ്ധമാണെന്നും ബോർഡ് ഓഫ് സ്‌റ്റഡീസ് അംഗീകരിക്കാത്ത പുസ്തകം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്സിറ്റി സമിതി ഗവർണർക്ക് പരാതി നൽകിയിരിക്കുന്നത്.
KK Shailaja s autobiography in kannur university syllabus