medicalcollegetvm-22
  • പുതിയ ഉപകരണം കേടായത് ആറുമാസത്തിനുള്ളില്‍
  • കേടായത് 5 ലക്ഷം രൂപ വില വരുന്ന ഉപകരണങ്ങള്‍
  • വ്യക്തി വൈരാഗ്യം തീര്‍ക്കുന്നുവെന്ന് ആരോപണ വിധേയനായ ഡോക്ടര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗത്തില്‍ അടിക്കടി ഉപകരണങ്ങള്‍ കേടാകുന്നതില്‍ ദുരൂഹതയെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എ നിസാറുദീന്റെ റിപ്പോര്‍ട്ട്.  യൂറോളജി വിഭാഗത്തിലെ ഡോക്ടര്‍ തന്നെ, ഉപകരണങ്ങള്‍ കേടാക്കുന്നുവെന്നാണ് സൂപ്രണ്ട് ഡിഎംഇക്ക് റിപ്പോര്‍ട്ട് നല്കിയത്. പുതിയ ഉപകരണം വാങ്ങി ആറുമാസത്തിനുളളിലാണ് കേടായത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

20 ലക്ഷം രൂപയോളം വിലവരുന്ന ഉപകരണങ്ങള്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗത്തിലേയ്ക്ക് ആശുപത്രി വികസന സമിതി വഴി വാങ്ങിയത്.  മൂത്രനാളിയിലുണ്ടാകുന്ന തടസങ്ങള്‍ മാറ്റുന്നതിനും മറ്റും രോഗികളില്‍ നടത്തുന്ന ട്രാന്‍സ് യുറിട്രെല്‍ റിസക്ഷന്‍ ഒാഫ് പ്രോസ്റ്റേറ്റ് ശസ്ത്രക്രിയ അടുത്തിടെ മുടങ്ങി. കാരണമന്വേഷിച്ചപ്പോഴാണ് ഇതിനുപയോഗിക്കുന്ന ഉപകരണങ്ങളുടെ ഭാഗമായ ടെലസ്കോപ്പും കേബിളും തകരാറിലാണെന്ന് കണ്ടെത്തിയത്. അഞ്ചു ലക്ഷത്തോളം രൂപ ചെലവുളള ഉപകരണങ്ങളാണ് കേടായത്. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് വിശദീകരണം തേടി. യൂറോളജി വിഭാഗം തലവന്‍ ഡോ ജി സതീഷ്കുമാര്‍, അതേ വിഭാഗത്തിലെ ഡോക്ടറാണ് ഉപകരണം കേടാക്കിയതെന്നാണ് റിപ്പോര്‍ട്ട് നല്കിയിരിക്കുന്നത്.

 

ഉപകരണം നിര്‍മിച്ച കമ്പനിയും മനഃപൂര്‍വം കേടാക്കിയതാണെന്നുളള റിപ്പോര്‍ട്ട് നല്കി. കഴിഞ്ഞ ജനുവരിയിലും യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയാ ഉപകരണം കേടാകുകയും നിര്‍മാണ കമ്പനി സമാന റിപ്പോര്‍ട്ട് നല്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഉപകരണങ്ങള്‍ അടിക്കടി കേടാകുന്നതില്‍ ദുരൂഹതയുണ്ടെന്നും വിശദമായി അന്വേഷിക്കണമെന്നും ആശുപത്രി സൂപ്രണ്ട്  ശുപാര്‍ശ നല്കിയത്. എന്നാല്‍ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ റിപ്പോര്‍ട്ടിനെ കരുവാക്കിയെന്നാണ് ആരോപണ വിധേയനായ ഡോക്ടറുടെ മറുപടി.

 

 

TVM medical college superintendent submits report against urology doctor