വധശ്രമക്കേസില്‍ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്ത ഉത്തരവ് ആറാഴ്ചക്കകം പുനപരിശോധിക്കാന്‍ കേരള ഹൈക്കോടതിയോട് സുപ്രീംകോടതി. സ്റ്റേ റദ്ദാക്കിയ സുപ്രീംകോടതി ഹൈക്കോടതി വിധി പറയും വരെ എം.പിയായി തുടരാനുള്ള ആനുകൂല്യം മുഹമ്മദ് ഫൈസലിന് നല്കി. വധശ്രമക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കവരത്തി കോടതി മുഹമ്മദ് ഫൈസലിനെ പത്തുവര്‍ഷം തടവിനെ ശിക്ഷിച്ചിരുന്നു. എന്നാല്‍ വിധി ഹൈക്കോടതി സ്റ്റേ ചെയ്തതോടെ എം.പി സ്ഥാനത്തേക്കുള്ള അയോഗ്യത ഫൈസലിന് നീങ്ങിയിരുന്നു. ഇതിനെതിരെ ലക്ഷദ്വീപ് സര്‍ക്കാര്‍ സമര്‍പ്പിച്ച് ഹര്‍ജിയിലാണ് സുപ്രീംകോടതി ഇടപെടല്‍. ജനുവരി 25 ലെ സിംഗിൾ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി പുനപരിശോധിക്കേണ്ടത്. കുറ്റക്കാരനെന്ന് കണ്ടെത്തിയത് ഹൈക്കോടതി സ്റ്റേ ചെയതത് നിയമം കൃത്യമായി പരിഗണിച്ചല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
എം പിയായ ഫൈസല്‍ അയോഗ്യനായാല്‍ വീണ്ടും തിരഞ്ഞെടുപ്പ് വരുമെന്നും ചിലവ് കൂടുമെന്നുമുള്ള ഹൈക്കോടതിയുടെ നീരീക്ഷണവും സ്റ്റേ നല്കാന് മതിയായ കാരണമല്ലെന്നും ജസ്റ്റീസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. മണ്ഡലത്തിലെ ജനങ്ങളെകൂടി പരിഗണിച്ച് രാഹുല്‍ഗാന്ധിക്ക് സ്റ്റേ നല്കിയ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ് ഫൈസലിന്റെ അഭിഭാഷകനായ അഭിഷേക് മനു സിംഗ് വി രണ്ടംഗ ബെഞ്ചിന് മുന്പില് ഉന്നയിച്ചു. എന്നാല്‍ അത് സുപ്രീംകോടതി പരിഗണിച്ചില്ല. നവംബർ വരെ പാർലമെന്റ് സമ്മേളനം ഇല്ലെങ്കിൽ പോലും ഫൈസൽ അംഗമായ പാർലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകാനായ അഭിഷേക് മനു സിംഗ്വി പറഞ്ഞു. ഇതോടെ ഹൈക്കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ എംപിയായി തുടരാമെന്നു സുപ്രീംകോടതി പറഞ്ഞത്.
SC set aside the Kerala High Court's order suspending the conviction of MP Mohammed Faizal