മലപ്പുറം തുവ്വൂരിൽ ഈ മാസം 11ന് കാണാതായ കൃഷിഭവനിലെ താൽക്കാലിക ജീവനക്കാരി സുചിതയെ കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണുവും സഹോദരങ്ങളും അടക്കം അഞ്ചുപേര്‍ അറസ്റ്റിൽ. സ്വന്തം വീട്ടിൽ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് മുഖ്യപ്രതി വിഷ്ണുവിന്‍റെ മൊഴി. ദൃശ്യം സിനിമയുടെ മാതൃകയിലാണ് കൊലപാതകമെന്ന് മലപ്പുറം എസ്.പി. എസ്.സുജിത് ദാസ് പറഞ്ഞു. വിഷ്ണുവിന്റെ വീട്ടുമുറ്റത്തെ മാലിന്യം തള്ളുന്ന ആഴമേറിയ കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച ശേഷം പ്ലാസ്റ്റിക് കവറിക്കിയാണ് മൃതദേഹം കുഴിയിൽ ഇറക്കി വച്ചത്. ഈ മാസം 11 ന് കാണാതായി ഒരു മണിക്കൂറിനകം കൊലപ്പെടുത്തിയിട്ടുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
വീടിനുള്ളിൽ കാത്തിരുന്ന വിഷ്ണുവും സഹോദരങ്ങളായ വിവേകും വൈശാഖും സുഹൃത്ത് സഹദും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കയറിൽ കെട്ടി ജനലിലേക്ക് വലിച്ച് മരണം ഉറപ്പാക്കി. പകൽ മുഴുവൻ മൃതദേഹം കട്ടിലിന് ചുവട്ടിൽ കിടന്നു. രാത്രി എത്തിയാണ് കുഴിയിൽ തള്ളി മൃതദേഹത്തിന് മുകളിൽ മെറ്റലും മണലും നിറച്ചത്. ദേഹത്തണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ മുറിച്ചെടുത്ത് വിറ്റ ശേഷം പ്രതികൾ പണം പങ്കിട്ടെടുത്തു. കൊലപാതക വിവരത്തെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന മൂന്ന് പ്രതികളുടേയും അച്ഛൻ കുഞ്ഞുണ്ണി എന്ന മുത്തുവും അറസ്റ്റിലായി. കാണാതായ സുചിത മറ്റൊരാൾക്കൊപ്പം ബെംഗളുരുവിലേക്ക് രക്ഷപ്പെട്ടന്ന കള്ളക്കഥ ഇതേ സംഘം നാട്ടിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചു. സുജിതയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച ആക്ഷൻ കമ്മിറ്റിയിലും സജീവമായി. സുചിതയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് വിഷ്ണുവിന്റെ ഫെയ്സ്ബുക്കിൽ ഇടക്കിടെ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. .
Sujitha was strangled to death says accused in Thuvvur murder case