devarkovilrent-22
  • 2021 ജൂണ്‍ മുതല്‍ മന്ത്രി ഉപയോഗിച്ച് വരുന്നു
  • ബംഗ്ലാവ് ഉപയോഗിക്കുന്നത് സര്‍ക്കാര്‍ ഉത്തരവില്ലാതെ
  • ജീവനക്കാരുടെ താമസവും ബംഗ്ലാവില്‍ തന്നെ

തുറമുഖ വകുപ്പിന്റെ അതിഥി മന്ദിരം രണ്ടുവര്‍ഷമായി വാടക നൽകാതെ ഉപയോഗിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ.  കോഴിക്കോട് ബീച്ചിലെ പോര്‍ട്ട് ബംഗ്ലാവിലെ മുറികളാണ് മന്ത്രിയും ജീവനക്കാരും പാര്‍ട്ടിനേതാക്കളും വാടക നല്‍കാതെ ഉപയോഗിക്കുന്നത്. ബംഗ്ലാവ് ഉപയോഗിക്കുന്നത് സര്‍ക്കാര്‍ ഉത്തരവില്ലാതെയാണെന്നും വ്യക്തമാക്കുന്ന വിവരാവകാശ രേഖ മനോരമ ന്യൂസിന് ലഭിച്ചു. 

 

അഹമ്മദ് ദേവര്‍ കോവില്‍ മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ 2021 ജൂണ്‍ മുതല്‍ കോഴിക്കോട് ബീച്ചിനോടുചേര്‍ന്നുള്ള മറൈന്‍ പോര്‍ട്ട് ബംഗ്ലാവ് അദ്ദേഹത്തിന്‍റെ ഓഫീസ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്.  ഇക്കാലമത്രെയും വാടകയൊന്നും നല്‍കിയിട്ടില്ല. തുറമുഖ വകുപ്പിനുകീഴിലുള്ള മാരിടൈം ബോര്‍ഡ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രി ബംഗ്ലാവ് സ്ഥിരമായി ഉപയോഗിക്കുന്നത് സര്‍ക്കാര്‍ ഉത്തരവില്ലാതെയാണെന്നും കോഴിക്കോട് സ്വദേശി സലീം തൈക്കണ്ടിക്ക് ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നു.

 

മന്ത്രി 250 രൂപയും ജീവനക്കാര്‍ 1,000 രൂപയുമാണ് പ്രതിദിന വാടകയായി നല്‍കേണ്ടത്. ഈ നിരക്കനുസരിച്ച് രണ്ട് വര്‍ഷത്തെ കുടിശിക ഏഴ് ലക്ഷത്തിലധികം രൂപ വരും.  വാടക ആവശ്യപ്പെട്ട് തുറമുഖ വകുപ്പ് രണ്ടുതവണ  കത്ത് നൽകിയിരുന്നെങ്കിലും ഫലമുണ്ടായിട്ടില്ല. മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരുടെ താമസവും പലപ്പോഴും ഈ ബംഗ്ലാവിലാണ്. ഐ.എന്‍.എലിന്‍റെ പാര്‍ട്ടിയോഗങ്ങളും ബംഗ്ലാവില്‍ നടക്കാറുണ്ട്. 

 

 

Minister Ahamed Devarkovil hasn't paid any rent for Kozhikode guest house