ശശി തരൂർ കോൺഗ്രസ് പ്രവർത്തകസമിതിയംഗം. കേരളത്തിൽ നിന്ന് എ.കെ ആന്റണി, കെ.സി വേണുഗോപാൽ  എന്നിവര്‍ക്ക് പുറമെ സ്ഥിരം ക്ഷണിതാവായി രമേശ് ചെന്നിത്തലയും പ്രത്യേക ക്ഷണിതാവായി കൊടിക്കുന്നിൽ സുരേഷും കോൺഗ്രസ് ഉന്നതാധികാര സമിതിയിലുണ്ട്. 39 അംഗങ്ങൾക്ക് പുറമെ 32 സ്ഥിരം ക്ഷണിതാക്കളും 9 പ്രത്യേക ക്ഷണിതാക്കളുമാണുള്ളത്.

ജി 23 യോ അധ്യക്ഷ സ്ഥാനത്തേക്കൃള്ള മൽസരമോ പ്രവർത്തകസമിതിയിലേക്കുള്ള വഴിയിൽ ഡോ.ശശി തരൂരിന് തടസമായില്ല. രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി വാശി പിടിച്ച സച്ചിൻ പൈലറ്റും ഉന്നതാധികാര സമിതിയിലെത്തി. പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് വേണമെന്ന് കത്തെഴുതിയ G 23 ലെ  ആനന്ദ് ശർമയും  ,മുകുൾ വാസ്നിക്കും, മനീഷ് തിവാരിയും നാമനിർദേശം ചെയ്യപ്പെട്ടു. കനയ്യ കുമാറും ,ഗൗരവ് ഗോഗോയും യുവമുഖങ്ങളായി. അനിൽ ആന്റണി പുറത്തു പോയെങ്കിലും എ കെ ആന്റണിക്ക് നെഹ്റു കുടുംബത്തിന്റെ ഹൃദയത്തിൽ മുഖ്യ ഇടമുണ്ടെന്നും പട്ടിക വ്യക്തമാക്കി. ഒഴിവാക്കണമെന്ന് അഭ്യർഥിച്ചെങ്കിലും അദ്ദേഹം പ്രവർത്തക സമിതിയിൽ തുടരണമെന്നാണ് അക്ബർ റോഡിന്റെ താൽപര്യം. ദേശീയ തലത്തിലെ പ്രവർത്തന പരിചയം കണക്കിലെടുത്ത് ആദ്യ 39 ൽ ഇടം കിട്ടുമെന്ന രമേശ് ചെന്നിത്തലയുടെ പ്രതീക്ഷ അസ്ഥാനത്തായി. സ്ഥിരം ക്ഷണിതാക്കളുടെ ഗണത്തിലാണ് ചെന്നിത്തല.

ഏഴ് തവണ എം.പിയായ കൊടിക്കുന്നിൽ സുരേഷിന്റെ പ്രത്യക ക്ഷണിതാവ് സ്ഥാനം ദളിത് പ്രാതിനിധ്യം ഉറപ്പിക്കലിന്റെ കൂടി ഭാഗമാണ്. ഇരട്ടപദവി  വേണ്ടെന്ന തീരുമാനം മൂലം മുഖ്യമന്ത്രിമാരെ സമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ല  .

പ്രവര്‍ത്തകസമിതി അംഗമാക്കിയതിലൂടെ താന്‍ ആദരിക്കപ്പെട്ടെന്ന് ശശി തരൂര്‍ പ്രതികരിച്ചു. നേതൃത്വത്തിന് നന്ദി പറയുന്നു. പാര്‍ട്ടിയെ സേവിക്കാനുളള അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ രമേശ് ചെന്നിത്തല അതൃപ്തി പ്രകടിച്ചു. മനോരമ ന്യൂസിന്റെ ചോദ്യത്തോട് ‘ഞാന്‍ പ്രതികരിക്കുന്നില്ല’ എന്നു മാത്രം മറുപടി നല്‍കി. 

 

Congress announces new CWC list ahead of key polls