
സാമ്പത്തിക പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ്, ഉത്സവബത്ത, ഓണം അഡ്വാന്‍സ് വിതരണം ഇന്നുതുടങ്ങും. ഇതിനുവേണ്ടി വരുന്ന 630 കോടിയുള്‍പ്പടെ ആയിരം കോടിയുണ്ടെങ്കില്‍ ഓണക്കാലം കടന്നുകിട്ടുമെന്നാണ് ധനവകുപ്പ് കരുതുന്നത്. അടുത്തമാസം മുതല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് ധനവകുപ്പിന് ഉത്തരമില്ല.
19500 കോടിരൂപ ചെലവിടുന്ന മാസം. ഈ ചിലവിന്റെ 90 ശതമാനത്തോളം പിന്നിട്ടതിന്റെ താല്‍ക്കാലികാശ്വാസമാണ് ധനവകുപ്പിന്. ശമ്പളം, പെന്ഷന് വിതരണം പൂര്‍ത്തിയായി, 6000 കോടിയാണ് ചെലവായത്. എടുത്ത കടത്തിന്റെ പലിശ, മുതല്‍ തിരിച്ചടവ് ഇനത്തില്‍ 10000 കോടി ചിലവായി. ക്ഷേമ പെന്ഷന്, ബോണസ്, ഉത്സവബത്ത, വിവിധ സഹായങ്ങള്‍ തുടങ്ങിയ ഇനങ്ങളില്‍ 3500 കോടിയാണ് ചിലവ്. ബോണസ്, ഉത്സവബത്ത, അഡ്വാന്‍സ് എന്നിവയുടെ ബില്ലുകള്‍ ഇന്നലെ ട്രഷറിയില്‍ എത്തിത്തുടങ്ങി. ഇന്ന് പണം പോയിതുടങ്ങും.
പരമ്പരാഗത തൊഴില്‍ മേഖലകളായ കയര്‍, കൈത്തറി, കശുവണ്ടി തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ക്ക് ഓണക്കാലത്ത് കുറഞ്ഞകൂലി ഉറപ്പാക്കാന്‍ 100 കോടി വേണം. പൂട്ടിയ ഫാക്ടറികളിലെയും തോട്ടങ്ങളിലെയും കമ്പനികളിലെയും തൊഴിലാളികളെ സഹായിക്കാന്‍ മറ്റൊരു 100 കോടിയും. ഈ ഫയലുകളില്‍ ഇന്നും നാളെയുമായി തീരുമാനമെടുക്കും. അവിചാരിതമായ ചിലവുകളുണ്ടായില്ലെങ്കില് 1000 കോടികൂടി മതി ഓണക്കാലം കടന്നുകിട്ടാന്‍. 2000 കോടി അടുത്തയാഴ്ച കടമെടുക്കുമെന്നതിനാല് ഈ മാസം പ്രശ്നമുണ്ടാകില്ല. ശേഷം ചിന്ത്യമെന്നാണ് ധനമന്ത്രിയുടെ തന്നെ പ്രതികരണം. പ്രതിസന്ധിക്കിടയിലും ഇത്രയും പണം ചിലവഴിച്ച കാര്യം പറഞ്ഞ് മേനിനടിക്കാനാവില്ല. പല മേഖലയ്ക്കും നല്‍കാനുള്ള പണം നല്‍കാതെ മാറ്റിവച്ചാണ് ഈ മാസവും കടന്നുപോകുന്നത്.
Kerala govt to distribute Onam bonus, special allowance today