muttil-tree

മുട്ടില്‍ മരംമുറി കേസ് അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ഡിവൈഎസ്പി വി.വി. ബെന്നി ഡിജിപിക്ക് കത്ത് നല്‍കി. പ്രതികളായ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ താനൂര്‍ കസ്റ്റഡി മരണത്തിന്‍റെ പേരില്‍ അപകീര്‍ത്തിപ്പെടുത്താനും മുട്ടില്‍ മരംമുറി കേസ് അന്വേഷണം അട്ടിമറിക്കാനും ശ്രമിക്കുന്നുവെന്നാണ് വി.വി.ബെന്നി നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി മുട്ടില്‍ മരമുറി കേസ് അട്ടിമറിക്കാന്‍ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ ശ്രമിക്കുന്നുവെന്നാണ് ഡിവൈഎസ്പിയുടെ കത്തിലുളളത്. താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെടുത്തി മുട്ടില്‍ മരംമുറി കേസിലെ പ്രതികള്‍ തന്നേയും സേനയേയും സര്‍ക്കാരിനേയും അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് ആക്ഷേപം. ബത്തേരി ഡിവൈഎസ്പിയായിരിക്കെയാണ് വിവി ബെന്നിക്ക് മുട്ടില്‍ മരംമുറിക്കേസിന്‍റെ അന്വേഷണ ചുമതല ലഭിക്കുന്നത്. അഗസ്റ്റിന്‍ സഹോദരന്‍മാരെ അറസ്റ്റ് ചെയ്യുന്നതും വിവി ബെന്നിയുടെ നേതൃത്വത്തിലാണ്. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിജിപിക്ക് കത്ത് നല്‍കുന്നത്. 

റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അസാധാരണ ഉത്തരവ് ദുരൂപയോഗം ചെയ്ത് മുട്ടില്‍ വില്ലേജില്‍ നിന്നു മാത്രം 300 വര്‍ഷം വരെ പഴക്കമുളള 15 കോടി രൂപയുടെ വീട്ടി തടികള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്. കര്‍ഷകരുടെ പേരില്‍ വ്യാജ കത്ത് നിര്‍മിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തൊട്ടു മുന്‍പ് ഒഴിവാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കത്ത് നല്‍കിയതോടെ ഡിജിപി സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമാവും തുടര്‍നിലപാട് സ്വീകരിക്കുക.