
കൈതോലപ്പായയില്‍ പൊതിഞ്ഞ് പണം കടത്തിയത് പിണറായി വിജയനാണെന്ന് വെളിപ്പെടുത്തി ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍. പിണറായി വിജയന്റെ കൂടെയുണ്ടായിരുന്നത് മന്ത്രി പി.രാജീവാണെന്നും പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. പണം കടത്തലിന് തെളിവില്ലെന്ന പേരില്‍ അന്വേഷണം അവസാനിപ്പിച്ച് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് െവളിപ്പെടുത്തല്‍.
രണ്ട് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു കൈതോലപ്പായ വിവാദത്തിന് തുടക്കമിട്ട ശക്തിധരന്റെ ആദ്യ ഫേസ്ബുക്ക് കുറിപ്പ്. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് കൊച്ചിയിലെ ദേശാഭിമാനി ഓഫീസില്‍ താമസിച്ച് രണ്ട് കോടി 35 ലക്ഷം രൂപ സമാഹരിച്ച് കൈതോലപ്പായയില്‍ പൊതിഞ്ഞ് നിലവിലെ ഒരു മന്ത്രിക്കൊപ്പം കാറില്‍ തിരുവനന്തപുരത്തേക്ക് കടത്തിയെന്നായിരുന്നു ആരോപണം. ആ കുറിപ്പില്‍ ആരുടെയും പേരുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നത്തെ കുറിപ്പില്‍ കൃത്യമായി വെളിപ്പെടുത്തുന്നു. പണം സമാഹരിച്ച നേതാവ് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍, കാറില്‍ കൂടെയുണ്ടായിരുന്നത് വ്യവസായ മന്ത്രി പി.രാജീവ്. ശക്തിധരന്റെ പേര് വെളിപ്പെടുത്തലിന് പിന്നില്‍ പ്രത്യേക സാഹചര്യങ്ങളുണ്ട്. ഒന്ന് ആദ്യ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ബെന്നി ബെഹ്നാന്‍ എം.പി പരാതി നല്‍കിയിരുന്നു. അതിന്റെ ഭാഗമായി മൊഴിയെടുക്കാന്‍ വിളിച്ചപ്പോള്‍ ശക്തിധരന്‍ ആരുടെയും പേര് പറഞ്ഞില്ല. അതിനാല്‍ അന്വേഷണം അവസാനിപ്പിച്ച് കഴിഞ്ഞദിവസം പൊലീസ് റിപ്പോര്‍ട്ട് നല്‍കി. നിലവില്‍ ശക്തിധരന്‍ തന്നെ പേര് വെളിപ്പെടുത്തിയതോടെ അന്വേഷണം അവസാനിപ്പിക്കരുതെന്നും മുഖ്യമന്ത്രിക്കും മന്ത്രിക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യം ഉയരും. പരാതിക്കാരനായ ബെന്നി ബെഹ്നാന് തന്നെ കോടതിയേയോ പൊലീസിനെയോ വീണ്ടും സമീപിക്കാനുമാവും. മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ മാസപ്പടി ആരോപണത്തിനൊപ്പം കൈതോലപ്പായ പണം കടത്തലും രാഷ്ട്രീയവിവാദമായി പുതുപ്പള്ളിയിലടക്കം ഉയരുകയും ചെയ്യും.
G Sakthidharan reveals Pinarayi Vijayan's name