കൈതോലപ്പായയില്‍ പണം കടത്തിയെന്ന ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്റെ വെളിപ്പെടുത്തലിന്‍മേലുള്ള അന്വേഷണം അവസാനിപ്പിക്കുന്നു. വെളിപ്പെടുത്തലിനേക്കുറിച്ചുള്ള തെളിവുകള്‍ ശക്തിധരന്‍ നല്‍കാത്തതിനാല്‍ അന്വേഷണ സാധ്യതയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കി. പരാതിക്കാരനായ ബെന്നി ബെഹ്നാന്‍ എം.പിയുടെ മൊഴിയിലും തെളിവുകളൊന്നുമില്ലെന്നും പൊലീസ്. മുഖ്യമന്ത്രിയെ ലക്ഷ്യംവച്ച് പ്രതിപക്ഷം കൊണ്ടുവന്ന പരാതിയാണ് എഴുതിതള്ളുന്നത്.
ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്ററായ ശക്തിധരന്‍ ഫേസ്ബുക്കിലൂടെ തുടക്കമിട്ടതായിരുന്നു കൈതോലപ്പായ വിവാദം. മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റൊരു മന്ത്രിേയയും ലക്ഷ്യംവെക്കുന്നതെന്ന് തോന്നുന്ന കുറിപ്പിലെ ആരോപണത്തിന്റെ ചുരുക്കം ഇതായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിപിഎമ്മിന്‍റെ ഉന്നതനേതാവ് കൊച്ചിയിലെ ദേശാഭിമാനി ഓഫിസില്‍ 2 ദിവസം ചെലവഴിച്ച് സമ്പന്നരില്‍ നിന്ന് രണ്ടു കോടി മുപ്പത്തയ്യായിരും രൂപ പിരിച്ചു. ആ പണം കൈതോലപ്പായയില്‍ പൊതിഞ്ഞ് ഇന്നോവ കാറിന്റെ ഡിക്കിയില്‍ വച്ച് നിലവിലെ മന്ത്രിയായ ഒരു നേതാവിനൊപ്പം തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നു.
ആരോപണം പ്രതിപക്ഷം ഏറ്റെടുത്തു. കോണ്‍ഗ്രസ് എം.പി ബെന്നി ബെഹ്നാന്‍ പരാതി നല്‍കി. ശക്തിധരന്‍ സഹകരിക്കാതെ വന്നതോടെ പൊലീസ് പരാതിക്കാരനായ ബെന്നി ബെഹ്നാന്റെ മൊഴിയെടുത്തു. ഫേസ്ബുക്ക് പോസ്റ്റില്‍ ഉദേശിച്ചത് സി.പി.എമ്മിനെയാണെന്നാണ് കരുതിയതെന്നും അതിനപ്പുറം ഒന്നും അറിയില്ലെന്നും അദേഹവും മൊഴി നല്‍കി. ഇതോടെയാണ് തെളിവുകളില്ലെന്ന പേരില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്. പൊലീസ് റിപ്പോര്‍ട്ടില്‍ ഡി.ജി.പി അന്തിമതീരുമാനമെടുക്കും.
G Sakthidharan refuses to provide details to police on his allegations against CPM