മൂന്നുവർഷം മുൻപ് ഇതേ ദിവസമായിരുന്നു 70 പേരുടെ മരണത്തിനിടയാക്കിയ മൂന്നാർ പെട്ടിമുടിയിലെ വൻ ഉരുൾപൊട്ടൽ. ദുരന്ത ഭൂമിയിലെ മണ്ണ് ഉണങ്ങിയെങ്കിലും പെട്ടിമുടിക്കാരുടെ ഉള്ളിലെ നോവുമാത്രം അടങ്ങിയിട്ടില്ല. എല്ലാവരും തോട്ടം തൊഴിലാളികൾ . തുച്ഛമായ വരുമാനത്തിൽ ജീവിതം തള്ളി നീക്കിയവർ . പതിവുപോലെ തണുത്ത രാത്രിയിൽ പുതച്ചുറങ്ങിയവരാണ് ഇടിച്ചു കുത്തിവന്ന ഉരുളിനടിയിൽ കുടുങ്ങിയത്. രക്ഷാ ദൗത്യത്തിൽ പലരെയും കിട്ടിയത് മണ്ണ് പുതഞ്ഞ് ചേതനയറ്റ നിലയിൽ .. ഏതാനും പേർ ജീവനും കൊണ്ട് രക്ഷപ്പെട്ടു. പക്ഷേ ദുരന്തം വരുത്തിവെച്ച വേദന ഉള്ളിൽ ഇന്നും കാർന്നു തിന്നുന്നുണ്ട്.
മരിച്ച 70 പേരിൽ 66 മൃതദേഹങ്ങളാണ് മണ്ണിനടിയിൽ നിന്ന് കണ്ടെത്താനായത്. നാലു പേരെക്കുറിച്ച് ഇന്നും ഒരു അറിവും ഇല്ല . ഒരുപക്ഷേ മണ്ണിനടിയിൽ തന്നെ ഉണ്ടാകാം. മലവെള്ളത്തോടൊപ്പം ഒലിച്ചു പോയതുമാകാം. പെരിയാർ വരെ അന്ന് തിരച്ചിൽ നടത്തിയിട്ടും ആ നാല് പേരെ പ്രകൃതി തിരികെ കൊടുത്തില്ല. ഇവരെ പിന്നീട് മരിച്ചതായി സർക്കാർ കണക്കാക്കി . മരിച്ചവരുടെ പേരിലുള്ള സർക്കാർ സഹായം അതാത് കുടുംബങ്ങൾക്ക് കിട്ടിയെങ്കിലും പരിക്കേറ്റവരെ വേണ്ടവിധം ഗൗനിച്ചില്ലെന്ന് ഇന്നും ആക്ഷേപം ഉണ്ട്. വീടും കുടുംബവും നഷ്ടപ്പെട്ട പലരും മൂന്നാറിന്റെ വിവിധ ഇടങ്ങളിലേക്ക് പിന്നീട് താമസം മാറിപ്പോയി. പെട്ടിമുടി വിട്ടുപോകാതെ തങ്ങുന്നവർ ഏതാനും ചിലർ മാത്രം.
Pettimudi Landslide 3rd anniversary