
ഹരിയാനയിലെ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം ആറായി. അക്രമ സംഭവങ്ങളില്‍ 116 പേർ അറസ്റ്റിലായതായും ജനജീവിതം സാധാരണ സ്ഥിതിയിലേക്ക് മടങ്ങുകയാണെന്നും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ അറിയിച്ചു. തുടർ നീക്കങ്ങൾ ആലോചിക്കാൻ വി.എച്ച്.പി. മനേസറിൽ മഹാപഞ്ചായത്ത് വിളിച്ചു. ചൊവ്വാഴ്ച അർധരാത്രിയും ഗുരുഗ്രാമിലെ പൽവൽ, ബാദ്ഷാപുർ, പട്ടൗഡി ചൗക്ക് എന്നിവിടങ്ങളിൽ കടകളും ഗോഡൗണുകളും ആൾക്കൂട്ടം അഗ്നിക്കിരയാക്കി. തടയാൻ പൊലീസ് ഒന്നും ചെയ്യുന്നില്ലെന്ന് ആക്രമണത്തിനിരകളായവർ പറഞ്ഞു. നൂഹിലും സൊഹ്നയിലും കഴിഞ്ഞ മണിക്കൂറുകളിൽ അക്രമം റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിക്കിരയായ വാഹനങ്ങളും കെട്ടിട്ടാവശിഷ്ടങ്ങളും സര്‍ക്കാര്‍ ഇടപെട്ട് നീക്കം ചെയ്യാന്‍ തുടങ്ങി.
അതേസമയം നൂഹിലും സൊഹ്നയിലും മനേസറിലും ഇന്റര്‍നെറ്റ് ഇതുവരേക്കും പുനസ്ഥാപിച്ചിട്ടില്ല. സoഘർഷ ബാധിത മേഖലകളിലുള്ളവർ വീട്ടിന്നുള്ളിൽ തന്നെ കഴിയണമെന്നാണ് സർക്കാർ നിർദേശം. ജോലി ചെയ്യുന്നവർക്ക് ആഗസ്റ്റ് 5 വരെ വർക്ക് ഫ്രം ഹോം നൽകി. സമൂഹമാധ്യമങ്ങളിലെ നിരീക്ഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. എന്‍.ഐ.എ അന്വേഷണം വേണമെന്നാണ് വി.എച്ച്.പിയുടെ ആവശ്യo. രാജ്യവ്യാപകമായി ജില്ലാ ആസ്ഥാനങ്ങളിൽ വിഎച്ച്പി പ്രതിഷേധം സംഘടിപ്പിച്ചു. ഡൽഹി അടക്കമുള്ള ഇടങ്ങളിൽ പോലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരുന്നു.
Six killed, 116 arrested in Hariyana clashes