Muhammed-Muhsin

പാലക്കാട് സിപിഐ ജില്ലാ കൗണ്‍സിലിലെ കൂട്ടരാജിക്ക് പിന്നാലെ നടപടിയെടുക്കുന്നതില്‍ അയഞ്ഞ് ജില്ലാ നേതൃത്വം. വിഭാഗീയത ആരോപിച്ച് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിനെ എക്സിക്യൂട്ടീവില്‍ നിന്നും ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തിയ നടപടിയില്‍ വീണ്ടും മുഹ്സിനോട് വിശദീകരണം തേടും. ദേശീയ നേതാവായ കെ.ഇ.ഇസ്മായില്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തില്‍ ചേര്‍ന്ന് വിഭാഗീയത പ്രോല്‍സാഹിപ്പിക്കുന്നതായും ജില്ലാ എക്സിക്യൂട്ടീവില്‍ വിമര്‍ശനമുണ്ടായി. വിഭാഗീയ പ്രവര്‍ത്തനത്തിന്റെ പേരിലാണ് മുഹമ്മദ് മുഹ്സിനെ ജില്ലാ എക്സിക്യൂട്ടീവില്‍ നിന്നും ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തിയത്. ധൃതി പിടിച്ച നടപടിയെന്ന വിമര്‍ശനത്തിന് പിന്നാെല മുഹ്സിന്‍ ഉള്‍പ്പെടെ പതിനഞ്ച് ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ രാജി വച്ചു. രാജിക്കത്ത് കിട്ടിയിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞതെന്നും ജില്ലാ സെക്രട്ടറി ആവര്‍ത്തിച്ചെങ്കിലും കൂടുതലാളുകള്‍ പാര്‍ട്ടി വിടുമെന്ന വികാരം നേതാക്കള്‍ എക്സിക്യൂട്ടീവില്‍ പങ്കുവച്ചു. പുതുതലമുറയിലെ പാര്‍ട്ടി മുഖമായ മുഹ്സിനെതിരെ കടുത്ത തീരുമാനം വേണ്ടെന്ന് ഒരുവിഭാഗം നേതാക്കള്‍ പറഞ്ഞു. ഇതെത്തുടര്‍ന്നാണ് വീണ്ടും മുഹ്സിനോട് വിശദീകരണം തേടാന്‍ തീരുമാനിച്ചത്. മുഹ്സിന്‍ സിപിഐ സംസ്ഥാന ദേശീയ നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയതും നിലപാട് മയപ്പെടുത്താന്‍ കാരണമായി. കെ.ഇ.ഇസ്മായില്‍ പാര്‍ട്ടിവിരുദ്ധ നിലപാടുള്ളവരുമായി നിരന്തരം ചങ്ങാത്തം കൂടുന്നതിലും എക്സിക്യൂട്ടീവില്‍ വിമര്‍ശനമുയര്‍ന്നു.

 

പല കമ്മിറ്റികളിലും നേതാക്കള്‍ ജില്ലാ നേതൃത്വത്തിനെതിരെ നീങ്ങുന്നതിന് പിന്നില്‍ ഇസ്മായില്‍ പക്ഷക്കാരുണ്ടെന്നാണ് ഒരുവിഭാഗം പറയുന്നത്. അതേസമയം പാര്‍ട്ടി വിരുദ്ധ നടപടിയുടെ ഭാഗമായി ജില്ലാ കൗണ്‍സില്‍ അംഗമായ എം.എസ്.രാമചന്ദ്രനെ സസ്പെന്‍ഡ് ചെയ്തു. പാലോട് മണികണ്ഠനെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും എം.ആര്‍.നാരായണനെ ലോക്കല്‍ കമ്മിറ്റിയിലേക്കും തരം താഴ്ത്തി. പട്ടാമ്പി മണ്ഡലം കമ്മിറ്റി അംഗങ്ങള്‍ സമര്‍പ്പിച്ച രാജി എക്സിക്യൂട്ടീവ് അംഗീകരിച്ചു. വിവാദങ്ങള്‍ നിലനില്‍ക്കെ ചികില്‍സയുെട ഭാഗമായി പാലക്കാട്ടെത്തിയ ദേശീയ സെക്രട്ടറി ഡി.രാജയെ അടുത്തദിവസം മുഹമ്മദ് മുഹ്സിന്‍ നേരില്‍ക്കണ്ട് തന്റെ നിലപാടറിയിക്കും. 

 

Muhammed Muhsin palakkad CPI