ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിക്ക് നാടിന്റെ വിട. മൃതദേഹം കുന്നുംപുറം തായിക്കാട്ടുകര സ്കൂളിലെ പൊതുദർശനത്തിന് ശേഷം കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു. ഹൃദയഭേദക നിമിഷങ്ങൾക്കാണ് സ്കൂൾ അങ്കണവും, ശ്മശാനവും സാക്ഷ്യമായത്.
കൂട്ടിരുപ്പുകാരില്ലാത, ആരാരുമില്ലാതെ ഒരു രാത്രി അവളിവിടെ, ഈ തണുപ്പിലുറങ്ങി. രാവിലെ 7.20ന് വിടരാതാർന്ന ആ പെൺകുട്ടിയുടെ മൃതദേഹം പൊതുദർശനത്തിനായി അവൾ പഠിച്ച തായിക്കാട്ടുകര സ്കൂളിലേയ്ക്ക്. അവൾ ഓടികളിച്ച സ്കൂൾ മുറ്റത്ത് അവളെയറിയുന്നവരും, അറിയാത്തവരും വിതുമ്പി നിന്നു. നോവിന്റെ കഥകൾ അവരെല്ലാം ഉരുവിട്ടു. പൊട്ടിക്കരഞ്ഞു. നൊന്തു കേണു. വിതുമ്പാത്ത മിഴികളെയുണ്ടായിരുന്നില്ല. രണ്ടു മണിക്കൂർ പൊതുദർശനം. ആ സമയം കീഴ്മാട് ശ്മശാനത്തിൽ അവൾക്കുള്ള കുഴിമാടമൊരുങ്ങി. നാനാദിക്കുകളിൽ നിന്ന് അവളനുഭവിച്ച വേദനയറിഞ്ഞവർ കാണാനെത്തി. അവളെയവർ സ്വന്തം മകളായി കരുതി. പൊട്ടിത്തെറിച്ചു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് മിഠായി വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് കുഞ്ഞിനെ കൂട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ച് അസഫാക് കൊലപ്പെടുത്തിയത്. നീണ്ട 21 മണിക്കൂര്‍ നേരത്തെ തിരച്ചിലിന് ശേഷം കുഞ്ഞിന്റെ മൃതദേഹം ആലുവ മാര്‍ക്കറ്റിനുള്ളിലെ മാലിന്യക്കൂമ്പാരത്തില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാളുടെ പശ്ചാത്തലം സംബന്ധിച്ചും അന്വേഷണം തുടരുകയാണ്. ചോദ്യം ചെയ്യലിനോട് പ്രതി നിസഹകരണം തുടരുന്ന സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്ത് തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് പൊലീസിന്റെ തീരുമാനം.
Five year old girl's body cremated, Aluva