ആലുവയില്‍ അഞ്ചുവയസുകാരിയെ കാണാതായ കേസില്‍ പൊലീസ് വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്. അല്‍പം കൂടി വേഗത്തില്‍ അന്വേഷണം വിപുലപ്പെടുത്തിയിരുന്നെങ്കില്‍ കുഞ്ഞിനെ ജീവനോടെ കണ്ടെത്താന്‍ കഴിഞ്ഞേനെയെന്ന് സമീപവാസികളും പറഞ്ഞു. പെണ്‍കുട്ടിയെ തട്ടിയെടുത്ത അസഫക് ആലം കുട്ടിയുമായി തായിക്കാട്ടുകര ഗാരിജ് റെയില്‍വേ ഗേറ്റ് കടന്ന് ദേശീയപാതയില്‍ എത്തുന്നതിന്റെയും തൃശൂര്‍ ഭാഗത്തേക്കുള്ള ബസില്‍ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെത്തന്നെ ലഭിച്ചിരുന്നു. എന്നാല്‍ ഇത് കേന്ദ്രീകരിച്ച് നടത്തിയ തുടരന്വേഷണത്തിന് വേണ്ടത്ര വേഗമുണ്ടായില്ല. ആലുവ മാര്‍ക്കറ്റിലും പലരും പെണ്‍കുഞ്ഞിനെയും ഒപ്പമുള്ളയാളെയും കണ്ടിരുന്നു. പക്ഷേ ഈ വഴിക്കും അന്വേഷണം എത്തിയില്ല.
ജീവിതം തേടിയെത്തി, ജീവന്റെ ജീവനെ നഷ്ടമായി
തായിക്കാട്ടുകര റെയില്‍വേ ഗേറ്റിന് സമീപത്തെ കെട്ടിടത്തിലാണ് അതിഥി തൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പം കുട്ടി താമസിച്ചിരുന്നത്. ബിഹാറിലെ ബിഷാംപര്‍പുര്‍ സ്വദേശിയുടെ നാലുമക്കളില്‍ രണ്ടാമത്തെയാളാണ് കൊല്ലപ്പെട്ട പെണ്‍കുഞ്ഞ്. ഇന്നലെ പകല്‍ മൂന്നുമണിയോടെയാണ് താമസസ്ഥലത്തുനിന്ന് കുട്ടിയെ കാണാതായത്. സ്കൂള്‍ അവധിയായതിനാല്‍ കുട്ടികള്‍ മാത്രമേ മുറിയില്‍ ഉണ്ടായിരുന്നുള്ളു. വീട്ടുകാര്‍ വൈകിട്ട് ജോലി കഴിഞ്ഞ് വന്നപ്പോഴാണ് മകളെ കാണാനില്ലെന്ന് മനസിലായത്. പലയിടത്തും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ പൊലീസില്‍ പരാതി നല്‍കി. രണ്ടുദിവസം മുന്‍പ് ഇതേ കെട്ടിടത്തില്‍ താമസത്തിനെത്തിയ അസഫക് ആലമാണ് കുട്ടിയെ കടത്തിയതെന്ന് തെളിവുകിട്ടിയെങ്കിലും തുടരന്വേഷണം ഫലം കണ്ടില്ല.
മാഞ്ഞുപോയ നിറപുഞ്ചിരി
തായിക്കാട്ടുകര സ്കൂള്‍ കോംപ്ലക്സില്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു പെണ്‍കുട്ടി. നന്നായി മലയാളം സംസാരിക്കുന്ന കുരുന്നിന്റെ മുഖത്ത് എപ്പോഴും പുഞ്ചിരിയും പ്രസന്നഭാവവും ഉണ്ടായിരുന്നു. ആലുവ മാര്‍ക്കറ്റിലെ മാലിന്യക്കൂമ്പാരത്തിനിടയില്‍ പുഞ്ചിരിയില്ലാത്ത ആ മുഖം കാണേണ്ടിവന്ന അച്ഛന്റെ മുഖത്തുനോക്കാന്‍ പോലും ഒപ്പമുള്ളവര്‍ക്കോ പൊലീസിനോ കഴിഞ്ഞില്ല.
Police failed to conduct proper probe into girl's missing case