
ആലുവയില്‍ അഞ്ചുവയസുകാരി തട്ടിക്കൊണ്ടുപോയി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പൊലീസിന് ജാഗ്രക്കുറവുണ്ടായെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ. ഇന്നലെ തന്നെ കാര്യങ്ങള്‍ പൊലീസിന് മനസിലായതാണ്. കുറച്ചുകൂടി ജാഗ്രതയോടെ അന്വേഷിച്ചിരുന്നുവെങ്കില്‍ ഇങ്ങനെയൊരു ദാരുണാന്ത്യം ഉണ്ടാവുകയില്ലായിരുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്നും വലിയ റാക്കറ്റ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിന്റെ അടിവേരുകളെ കണ്ടെത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങേയറ്റം ഞെട്ടലും ഭയപ്പാടുമുണ്ടാക്കിയ വാര്‍ത്തയാണെന്നും പുഞ്ചിരിയോടെ കുഞ്ഞ് മടങ്ങിവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും എം.എല്‍.എ പറഞ്ഞു.
അതേസമയം, പെണ്‍കുട്ടിയുടെ തിരോധാനം അന്വേഷിക്കുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന വാര്‍ത്തകളെ മന്ത്രി പി.രാജീവ് തള്ളി. കുട്ടിയെ കാണാതായെന്ന് അറിഞ്ഞ ഉടന്‍ പൊലീസ് ഇടപെട്ടു. വിശദമായ അന്വേഷണം നടത്തുമെന്നും സംഭവത്തെ ഗൗരവമായാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ കാണാതായ പെണ്‍കുട്ടി കൊല്ലപ്പെട്ടെന്ന് ഇന്നുച്ചയോടെയാണ് സ്ഥിരീകരിച്ചത്. ആലുവ മാര്‍ക്കറ്റിലെ മാലിന്യക്കൂമ്പാരത്തില്‍ ചാക്കില്‍ പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ബിഹാര്‍ സ്വദേശിയായ അസഫക് ആലം കുറ്റം സമ്മതിച്ചു. അയല്‍വാസിയായ അസഫക് കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ഇന്നലെ രാത്രി തന്നെ അസഫകിനെ കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടിയുമായി ആലുവ മാര്‍ക്കറ്റില്‍ അസഫകിനെ കണ്ടെന്നും മാലിന്യക്കൂമ്പാരത്തിനടുത്തേക്ക് പോകുന്നത് ചോദ്യം ചെയ്തപ്പോള്‍ മകളാണ് ഒപ്പമുള്ളതെന്നും മദ്യപിക്കാന്‍ പോകുകയാണെന്നുമായിരുന്നു അസഫികിന്റെ മറുപടിയെന്നും ദൃക്സാക്ഷിയായ ചുമട്ടുതൊഴിലാളി താജുദ്ദീന് വെളിപ്പെടുത്തിയിരുന്നു. ബിഹാര്‍ സ്വദേശികളുടെ മകളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി.
Police search was not proper alleges MLA, minister denies