Manipur-vilence-protest-270

മണിപ്പുരിലെ കാങ്‌ പോക്പിയില്‍ രണ്ട് കുക്കി യുവതികളെ നഗ്നരാക്കി നടത്തി, കൂട്ടബലാല്‍സംഗംചെയ്ത കേസ് അന്വേഷണം സിബിഐക്ക് കൈമാറിയേക്കും. മേയ് മാസം നാലിനുണ്ടായ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍‌ ഉള്‍പ്പെടെ ഏഴുപേരെ മണിപ്പുര്‍ പൊലീസ് അറസ്റ്റ്  ചെയ്തിരുന്നു. അതിനിടെ കേസിന്‍റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. നാളെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചേക്കും. നിലവില്‍ കലാപത്തിന്‍റെ ഗൂഢാലോചനയടക്കം ആറ് കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ സ്ത്രീകളെ നഗ്നരാക്കി നടത്തിയ വിഡിയോ ചിത്രീകരിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു, മൊബൈല്‍ഫോണും കണ്ടെത്തി. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കുക്കി–മെയ്തെയ് വിഭാഗങ്ങളുമായുള്ള ആശയവിനിമയം തുടരുകയാണ്. രഹസ്യാന്വേഷണ വിഭാഗം വഴി ഇരുവിഭാഗങ്ങളുമായി ആറുതവണയാണ് ചര്‍ച്ചനടത്തിയത്.

Manipur Women Naked Parade Viral Video: Home Ministry To Refer Case To CBI