മുതലപ്പൊഴി അടച്ചിടാനുള്ള നീക്കത്തെ മല്‍സ്യത്തൊഴിലാളികള്‍ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് ഫാദര്‍ യൂജിന്‍ പെരേര. മണ്ണ് നീക്കം ചെയ്യുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ലെന്നും എലിയെ പേടിച്ച് ഇല്ലം ചുടുന്ന നടപടിയാണ് ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും യൂജിന്‍ പെരേര പറഞ്ഞു. ഇതിനിടെ, മുതലപ്പൊഴിയില്‍ ഇന്ന് വീണ്ടും അപകടമുണ്ടായി. ശക്തമായ തിരയില്‍പെട്ട ബോട്ടില്‍ നിന്ന് കടലിലേക്ക് തെറിച്ചുവീണ് മല്‍സ്യത്തൊഴിലാളിക്ക് പരുക്കേറ്റു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ അഞ്ചുവരെ മുതലപ്പൊഴി അടച്ചിടാന്‍ ഫിഷറീസ് ഡയറക്ടര്‍ അദീല അബ്ദുള്ള സര്‍ക്കാരിനോട് ശുപാര്‍ശ െചയ്തിരുന്നു. ഇക്കാര്യത്തില്‍ മത്സ്യത്തൊഴിലാളികളുമായി കൂടിയാലോചിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കാനിരിക്കെയാണ് ലത്തീന്‍ കത്തോലിക്ക് വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര നിലപാട് വ്യക്തമാക്കികത്. മണ്ണ് നീക്കം ചെയ്യുമെന്ന വാഗ്ദാനം പാലിക്കാതെ പൊഴി അടച്ചിടാനുള്ള സര്‍ക്കാര്‍ നീക്കം നിരുത്തരവാദപരമാണെന്ന് യൂജിന്‍ പെരേര പറഞ്ഞു.  

 

ഇന്ന് രാവിലെ ആറുമണിക്ക് മത്സ്യ ബന്ധത്തിന് പോകവെയാണ് ഒരു ബോട്ട് കൂടി അപകടത്തില്‍ പെട്ടത്. ശക്തമായ തിരയില്‍പെട്ട ബോട്ടില്‍ നിന്നും മത്സ്യത്തൊഴിലാളി കടലിലേക്ക് തെറിച്ചുവീണു. ചിറയിന്‍ കീഴ് സ്വദേശിയായ ഷിബുവിനെ മത്സ്യത്തൊഴിലാളികളും മറീന്‍ എന്‍ഫോഴ്സ്മെന്‍റും ചേര്‍ന്ന് രക്ഷപ്പെടുത്തി. മുഖത്തും കാലിനും പരുക്കേറ്റ ഷിബു ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും, സര്‍ക്കാര്‍ രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ച അടിയന്തര നടപടികള്‍ നടപ്പിലാക്കി തുടങ്ങിയില്ല. പൊഴിയില്‍ നിന്ന് മണ്ണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ അദാനി ഗ്രൂപ്പുമായി മന്ത്രിമാര്‍ നിശ്ചയിച്ച കൂടിക്കാഴ്ച ഇതുവരെ നടന്നില്ല.