സിപിഎം നിയന്ത്രണത്തിലുള്ള പാലിയേറ്റീവ് സൊസൈറ്റിയിൽ ക്രമക്കേടെന്ന് ആരോപിച്ച് അമ്പലപ്പുഴ എംഎല്‍എ: എച്ച്. സലാമിനെതിരെ പാർട്ടി നേതൃത്വത്തിന് പരാതി. അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട തോട്ടപ്പള്ളി മുൻ ലോക്കൽ സെക്രട്ടറി, എസ് ശ്രീകുമാറാണ് പാർട്ടി സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ക്ക് പരാതി നൽകിയത്.
പരാതി ജില്ലാ സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. അന്വേഷണത്തിന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പ്രസാദിനെ നിയോഗിച്ചു. സിപിഎം നിയന്ത്രണത്തിലുള്ള ചേതന പാലിയേറ്റീവ് സൊസൈറ്റിയുടെ സെക്രട്ടറിയാണ് എച്ച്. സലാം എംഎല്‍എ. സൊസൈറ്റി രൂപീകരിച്ചിട്ട് എട്ടു വർഷമായിട്ടും കണക്കവതരിപ്പിച്ചിട്ടില്ലെന്നും നിയമപരമായി ചേരേണ്ട പൊതുയോഗം അടക്കമുള്ളവ ചേർന്നിട്ടില്ലെന്നും പരാതിയിലുണ്ട്. സൊസൈറ്റിയുടെ വരുമാനം, ചിലവ് എന്നിവ സംബന്ധിച്ച് ആർക്കുമറിയില്ല. അംഗത്വഫീസ് പിരിച്ചതിന്റെയും കണക്കില്ല. ചേതനയുടെ കീഴിൽ ആധുനിക ലാബ് അടക്കം പ്രവർത്തിക്കുന്നുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നടക്കമുള്ള പരിശോധനകൾ ചേതനയുടെ ലാബിലേക്കാണ് നൽകുന്നത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം സുസജ്ജമായ ഓഫീസും സംവിധാനങ്ങളും സൊസൈറ്റിക്കുണ്ട്.
complaint against H Salam MLA