അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടക്കമിട്ട ശ്രുതി തരംഗം പദ്ധതി പ്രതിസന്ധി നേരിടുന്നെന്ന മനോരമന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് ഇടപെട്ട് കെ.പി.സി.സി നേതൃത്വവും. ശ്രവണ പരിമിതി നേരിടുന്ന ആലുവ കാഞ്ഞൂര്‍ സ്വദേശി അമിതയുടെ ചികില്‍സാച്ചിലവ് ഏറ്റെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ അറിയിച്ചു. അമിതയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രഖ്യാപനം. ഉമ്മന്‍ചാണ്ടിക്കുള്ള സമര്‍പ്പണമായാണ് പദ്ധതിയെ കാണുന്നതെന്നും മറ്റു കുട്ടികള്‍ക്കായി എന്ത് ചെയ്യാനാകുമെന്ന് നേതൃയോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

പദ്ധതിയില്‍പെട്ട കുട്ടികള്‍ക്ക് സമ്പൂര്‍ണ പരിരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. കോക്ലിയര്‍ ഇംപ്ലാന്റേഷന് 59 ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 25 കുട്ടികളുടെ മെഷീന്‍ അപ്ഗ്രഡേഷന്‍ നടത്തുമെന്നും വകുപ്പ് വ്യക്തമാക്കി. മനോരമന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് അടിയന്തര നടപടി. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവസാനമായി ഉന്നയിച്ച ആവശ്യമെന്ന നിലയില്‍ 'ശ്രുതി തരംഗം' പദ്ധതി തുടരണമെന്ന ഗുണഭോക്താക്കളുടെ ആവശ്യം മനോരമന്യൂസ് ശ്രദ്ധയില്‍ക്കൊണ്ടുവന്നിരുന്നു