sruthitharamgam-22

കുട്ടികളുടെ കേടുവന്ന ശ്രവണസഹായി മാറ്റാനുള്ള പണം സര്‍ക്കാര്‍ അനുവദിക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യത്തില്‍ ഇതുവരെയും നടപടിയില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ശ്രുതിതരംഗം പദ്ധതി അട്ടിമറിക്കരുതെന്നായിരുന്നു ഒരു മാസം മുന്‍പ് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ ശ്രുതി തരംഗം പദ്ധതിയിലൂടെ ശബ്ദത്തിന്റെ ലോകത്തിലേക്ക് കടന്നത് 601 കുരുന്നുകളായിരുന്നു. പക്ഷേ വര്‍ഷങ്ങള്‍ക്കിപ്പുറം ശ്രവണസഹായികള്‍ തകരാറിലായതോടെ കൗമാരത്തിലേക്ക് കടക്കുന്ന ഇവരില്‍ ഭൂരിഭാഗത്തിനും ശബ്ദം അന്യമാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

2013ല്‍ തിരുവനന്തപുരത്ത് ശ്രുതിതരംഗം പദ്ധതിയിലൂടെ കോക്ലിയര്‍ ഇംപ്ലാന്റ് ഘടിപ്പിച്ച കുട്ടികളുടെ ഒത്തുചേരലിനെ ഉമ്മന്‍ചാണ്ടി വിേശഷിപ്പിച്ചത് അന്നേ വരെയുള്ള തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും സന്തോഷവും സംതൃപ്തിയും നല്‍കുന്ന നിമിഷങ്ങള്‍ എന്നായിരുന്നു. പക്ഷേ വര്‍ഷങ്ങള്‍ക്കിപ്പുറം ഈ കുട്ടികളില്‍ പലര്‍ക്കും ശബ്ദത്തിന്റെ സംസാരത്തിന്റേയും ലോകം അന്യമായി തീര്‍ന്നിരിക്കുന്നു. കാലടി തുറവുങ്കരയിലെ 13 കാരി അമിതയെ പോലെ അവരെല്ലാം ആംഗ്യഭാഷയിലേക്ക് മടങ്ങുകയാണ്. 2013ല്‍ നാലാം വയസിലാണ് അമിത കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. പഠനത്തിലും പാഠ്യേതരപ്രവര്‍ത്തനത്തിലുമെല്ലാം മിടുക്കിയായിരുന്ന അമിത. ശ്രവണസഹായി തകരാറിലായതോടെ പഠനമടക്കം മുടങ്ങുന്ന അവസ്ഥയിലാണ് ഈ എട്ടാംക്ലാസുകാരി. അമിതയുടെ അമ്മയും അച്ഛനും ശ്രവണ സംസാര വൈകല്യമുള്ളവരാണ്.

 

കാലപ്പഴക്കം മൂലം തകരാറിലായ ശ്രവണസഹായി മാറ്റിവയ്ക്കാന്‍ നാല് ലക്ഷം രൂപ ചെലവ് വരും. ഈ തുക കണ്ടെത്താന്‍ ഭൂരിഭാഗം കുട്ടികളുടെ രക്ഷിതാക്കള്‍ക്കും പ്രയാസമാണ്. പലതവണ ബന്ധപ്പെട്ടിട്ടും ഉപകരണം പുതുക്കി വാങ്ങി നല്‍കാന്‍ സാമൂഹിക സുരക്ഷാമിഷന്‍ തയാറിട്ടില്ല. ഒരു പുതിയ ലോകം സ്വപ്നം കണ്ട് വളരുന്ന ഈ കുട്ടികളെ വീണ്ടും സര്‍ക്കാര്‍ ദുരിതത്തിലേക്ക് തള്ളിവിടരുതെന്നായിരുന്നു കൃത്യം ഒരു മാസം മുന്‍പ് ഉമ്മന്‍ചാണ്ടി തന്റെ ഫേസ് ബുക്കില്‍ കുറിച്ചതും.

 

'Sruthi tharamgam' hearing aid project needs govt assistance