കേരളത്തിലെ ജലവൈദ്യുതോല്‍പ്പാദനമേഖല കമ്പനികള്‍ക്ക് തുറന്നുകൊടുക്കാന്‍ നീക്കം. തെഹ്‌രി ഹൈഡ്രോ ഡവലപ്മെന്റ് കോര്‍പറേഷനുമായി ഏര്‍പ്പെടാനൊരുങ്ങിയ ധാരാണാപത്രത്തിന്റെ കരടിലാണ് സംസ്ഥാനത്തിന് അതീവദോഷകരമായ വ്യവസ്ഥകളുള്ളത്. അഞ്ചുകൊല്ലത്തിന് ശേഷം വന്‍ പദ്ധതികള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാന്‍ വഴിയൊരുക്കുമെന്ന് കണ്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് ഇടപെട്ട് നിര്‍ത്തി വയ്പ്പിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ടി.എച്ച്.ഡി.സി.ഐ. എല്ലിനും  കെഎസ്ഇ.ബിയ്ക്കും പങ്കാളിത്തമുള്ള സംയുക്ത സംരഭം രൂപീകരിക്കണം. ഇതില്‍ 76 ശതമാനം ഓഹരി ടി.എച്ച്.ഡി.സി.ഐ.എല്ലിനും 26 ശതമാനം കെ.എസ്.ഇ.ബിയ്ക്കുമായിരിക്കും. ഭാവിയില്‍ ടി.എച്ച്.ഡി.സി.ഐ.എല്ലിന് 51 ശതമാനത്തില്‍ കുറയാത്ത വിധം ഒാഹരിക്കൈമാറ്റമാകാം. അഞ്ചുകൊല്ലം കഴിഞ്ഞാല്‍ ഓഹരി ആര്‍ക്കുവേണമെങ്കിലും കൈമാറാം. സംയുക്ത സംരഭത്തിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ ചെയര്‍മാന്‍ ഉള്‍പ്പടെ നാലുപേര്‍ ടി.എച്ച്.ഡി.സി.ഐ.എല്ലിന് കെ.എസ്.ഇ.ബിയില്‍ നിന്ന് രണ്ടുപേര്‍ മാത്രം. സംസ്ഥാന താല്‍പര്യത്തിന് അതീവ ദോഷകരമായ വ്യവസ്ഥകളില്‍ ചിലതാണ് ഇവ. സംസ്ഥാന ജലവൈദ്യുതി പദ്ധതി നയം അനുസരിച്ച്  നിലവില്‍ ഇരുപത്തഞ്ച് മെഗാവാട്ട് വരെ ശേഷിയുള്ള ചെറുകിട പദ്ധതികള്‍ക്കുമാത്രമാണ് സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. സംസ്ഥാനത്തെ ജലം ഉപയോഗിക്കുന്നതിന് ഒരുമെഗാവാട്ടിന് പതിനഞ്ചുരൂപ നിരക്കില്‍ റോയല്‍റ്റിയും നല്‍കണം. ഇത് മറികടക്കാനാണ്  ടി.എച്ച്.ഡി.സി.ഐ. എല്ലുമായി ധാരാണാ പത്രം ഒപ്പിടാന്‍ നീക്കമുണ്ടായത്.വിവരമറിഞ്ഞ മുഖ്യമന്ത്രിയുടെ ഓഫിസ് കരാറിന്റെ വിശദാംശങ്ങള്‍ തേടുകയും തുടര്‍നടപടികള്‍ നിര്‍ത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്നാണ് അറിയുന്നത്. 

 

 CMs office blocked attempts to privatise hydro electric projects