e-sreedharan

ഇ.ശ്രീധരന്‍റെ അതിവേഗ റെയില്‍പാത പദ്ധതിയില്‍ തിടുക്കം വേണ്ടെന്ന് സി.പി.എം. എല്ലാ വശവും പരിശോധിച്ചശേഷം മതി തുടര്‍ ചര്‍ച്ചകളെന്നാണ് തീരുമാനം. ഇതേസമയം സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ രാഷ്ട്രീയം നോക്കാതെ സഹകരിക്കാനും മുഖ്യമന്ത്രിയെ കാണാനും തയ്യാറാണെന്ന് ഇ.ശ്രീധരന്‍ വ്യക്തമാക്കി. 

 

സില്‍വര്‍ലൈനില്‍ കൈപൊള്ളിയ സി.പി.എം ഇത്തവണ ജാഗ്രതയിലാണ്. ഇ. ശ്രീധരന്റെ പദ്ധതിയെ പാര്‍ട്ടി തള്ളുന്നില്ല. എന്നാല്‍ തിടുക്കത്തില്‍ തീരുമാനങ്ങളിലേക്ക് നീങ്ങില്ല. എല്ലാവശവും പരിശോധിച്ചശേഷമാകും തുടര്‍നടപടികള്‍. സില്‍വര്‍ലൈനിന്‍റെ ഡി.പി.ആര്‍ ഇപ്പോഴും കേന്ദ്രസര്‍ക്കാരിന്‍റെ പരിഗണനയിലാണെന്ന കാര്യവും സി.പി.എം നേതാക്കള്‍ ഓര്‍മിപ്പിക്കുന്നു. ഇക്കാരണങ്ങളാല്‍ വിഷയം ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ച ചെയ്തില്ല. സില്‍വര്‍ ലൈന്‍ പദ്ധതി പൊളിച്ചെഴുതുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് ധനമന്ത്രി പ്രതികരിച്ചത്.

 

ഡി.പി.ആര്‍ പരിശോധിച്ചാല്‍ തന്നെ സില്‍വര്‍ലൈന്‍ പദ്ധതി കേന്ദ്രം തള്ളാനാണ് സാധ്യതയെന്ന് ഇ.ശ്രീധരന്‍ പ്രതികരിച്ചു. തന്‍റെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി ഉറപ്പാണ്. പദ്ധതി കെ റെയിലിന് നടപ്പാക്കാനാവില്ലെന്നും അതിവേഗ റെയില്‍ കേരളത്തിന് അത്യാവശ്യമാണ്. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ രാഷ്ട്രീയം നോക്കാതെ സഹകരിക്കാന്‍ തയ്യാറാണെന്നും ശ്രീധരന്‍. താന്‍ നിര്‍ദേശിച്ച പദ്ധതി തുടക്കത്തില്‍ അര്‍ധവേഗമുള്ളതാണ്. പിന്നീട് അതിവേഗയാത്ര സാധ്യമാക്കും. സില്‍വര്‍ലൈനിന്‍റെ 20 ശതമാനം ഭൂമി മതി എന്നതിനാല്‍ എതിര്‍പ്പുകളുണ്ടാകില്ല. ഭൂമിക്കുമുകളിലൂടെയോ ഭൂമിക്കടിയിലൂടെയോ പദ്ധതി നടപ്പിലാക്കാം. ഡി.പി.ആര്‍ തയ്യാറാക്കാന്‍ എട്ടുമാസം വേണം. കേന്ദ്രത്തെ കൂടി ഉള്‍പ്പെടുത്തിയാല്‍ സംസ്ഥാനത്തിന് ബാധ്യതയുണ്ടാവില്ലെന്നും കേരളത്തിലെ റെയില്‍വേ പദ്ധതികളുടെ ചുമതലയുള്ള ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഷാജി സഖറിയായെ സന്ദര്‍ശിച്ച ശേഷം ഇ.ശ്രീധരന്‍ പറഞ്ഞു.

 

 

CPM will discuss about E. Sreedharan's Highspeed Railway proposal